HIGHLIGHTS : Man will reach perfection through reading: MP Abdusamad Samadani MP

അറിവ് വിനോദമല്ല, വായന ഹോബിയുമല്ല. വായന ജീവിതം തന്നെയാണ്. വായന തന്നെയാണ് ചേതന. വായന മനുഷ്യരുടെ ഹൃദയഭാഗത്താണ്. വായന അഭയമാണ്, കൂട്ടുകാരനാണ്. വായന ജീവിതത്തെ സാക്ഷാത്കരിക്കലും വീണ്ടെടുക്കലുമാണ്. വായനയിലൂടെ ജീവിതം ആഘോഷിക്കണം. അറിവിന്റെ വാതായനങ്ങള്‍ തുറന്നിടുന്നതാണ് വായന. അറിവുള്ളവര്‍ക്ക് അധികാരം മടുക്കും. ജീവിതത്തില്‍ മടുക്കാത്ത ഒന്ന് അറിവ് മാത്രമാണ്. മനുഷ്യന്‍ നെട്ടോട്ടമോടി നേടുന്നതെല്ലാം ഒരു പരിധി കഴിഞ്ഞാല്‍ മടുക്കും. ഭക്ഷണവും പ്രശസ്തിയും അധികാരവുമെല്ലാം മടുക്കുമ്പോള്‍ അറിവ് മാത്രമാണ് മടുക്കാത്തത്. ഗുരുനിത്യചൈതന്യയതിയുടെ പുസ്തകം വായിക്കാത്തവര്‍ മലയാളത്തിന്റെ സൗന്ദര്യം അറിഞ്ഞിട്ടില്ല. ഗുരു ഒരിക്കല്‍ പറഞ്ഞു എന്റെ ദേഹം ഊട്ടിയിലെ ലൈബ്രറിയ്ക്ക് അടുത്ത് അടക്കം ചെയ്യണം. ഒരു വാതില്‍ എന്റെ കല്ലറയിലേക്ക് തുറന്ന് വയ്ക്കണം. വായനയോടുള്ള ഗുരുവിന്റെ ആഭിമുഖ്യം ഈ വാക്കുകളില്‍ വ്യക്തമാണ്. വായിച്ച് അറിവ് നേടി മനസിന്റെ താളം തെറ്റുകയെന്നത് അസംബന്ധമാണെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
മികച്ച പ്രവര്‍ത്തനം നടത്തിയ സാക്ഷരതാ മിഷന്‍ പ്രേരക്മാരെ ചടങ്ങില്‍ അബ്ദുസമദ് സമദാനി എം.പി ആദരിച്ചു. കോട്ടക്കല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ അധ്യക്ഷയായി.സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.അബ്ദുല്‍ റഷീദ് വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം റഷീദ്, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ കെ.എസ് ഹസ്‌കര്‍, ഡയറ്റ് ലക്ചററര്‍ എസ്.ബിന്ദു, ജില്ലാ സാക്ഷരതാമിഷന്‍ അസി കോ ഓര്‍ഡിനേറ്റര്‍ എം. മുഹമ്മദ് ബഷീര്‍, കെ മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു സ്വാഗതവും എം സുജ നന്ദിയും പറഞ്ഞു. ജില്ലാതല ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സാക്ഷരതാ മിഷന്റെ 143 പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠന കേന്ദ്രങ്ങളിലും വായനദിനാചരണ ചടങ്ങുകള്‍ നടത്തി. സാക്ഷരതാമിഷന്‍ പ്രേരക്മാര്‍ക്കും പത്താം തരം ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ക്കുമായി ‘എനിക്കിഷ്ടപ്പെട്ട പുസ്തകം’ എന്ന വിഷയത്തില്‍ പുസ്തക നിരൂപണ മത്സരവും സംഘടിപ്പിച്ചു. പി.എന്‍ പണിക്കര്‍ അനുസ്മരണാര്‍ഥം ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
