കോട്ടക്കല്‍:ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേന കോട്ടക്കല്‍ ചങ്കുവെട്ടിയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണപ്പാഴ്സല്‍ വാങ്ങി പണം നല്‍കാതെ പോയെന്ന കേസില്‍ പ്രതി പിടിയിലായി. പറപ്പൂര്‍ കല്ലങ്ങാട്ട് കുഴിയില്‍ അബ്ദുള്‍ഷെരീഫിനെ(56)യാണ് ആള്‍മാറാട്ടക്കേസില്‍ കോട്ടയ്ക്കല്‍ പോലീസ് അറസ്റ്റുചെയ്തത്.
ചങ്കുവെട്ടിയിലെ കാരവാന്‍ ഹോട്ടലില്‍ നിന്ന് പ്രതി ഭക്ഷണം കഴിച്ചിരുന്നു. പാഴ്സലും വാങ്ങി. പണം ചോദിച്ച ജീവനക്കാരനെ താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണെന്നും തന്നോട് കളിക്കരുതെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി സ്ഥലംവിട്ടു.
ഹോട്ടല്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പുനടത്തുന്ന ആളാണെന്നു മനസ്സിലാക്കി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സിഐ എം.സുജിത് കുമാര്‍, എസ്‌ഐ കെ.അജിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.



