അധ്യാപികയുടെ 27 ലക്ഷം രൂപയും 21 പവനും തട്ടിയെടുത്തിയാൾ പിടിയില്‍;തട്ടിപ്പ് നടത്തിയത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പരിചയം പുതുക്കിയെത്തിയ വിദ്യാര്‍ത്ഥി

പരപ്പനങ്ങാടി: അധ്യാപികയുടെ 27 ലക്ഷം രൂപയും 21 പവനും തന്ത്രപരമായി തട്ടിയെടുത്തയാള്‍ പരപ്പനങ്ങാടി പോലീസിന്റെ പിടിയില്‍. തലക്കടത്തൂര്‍ ചെറിയമുണ്ടം സ്വദേശി നീലിയത്ത് വേര്‍ക്കല്‍ ഫിറോസ്(51) ആണ് പിടിയിലായത്.

88-90 കാലഘട്ടത്തില്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥിയായ പ്രതി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലൂടെ അധ്യാപികയോട് വീണ്ടും പരിചയം പുതുക്കുകയായിരുന്നു. തലക്കടത്തൂര്‍ സ്വദേശിയായ ഇയാള്‍ അധ്യാപികയുടെ വീട്ടില്‍ വരികയും തനിക്ക് സ്‌ട്രോക്ക് വന്നതായുള്ള കാര്യങ്ങള്‍ പറഞ്ഞ് ടീച്ചറുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. താന്‍ സ്വര്‍ണവുമായി ബന്ധപ്പെട്ട ഒരു ബിസ്‌നസ് ആരംഭിക്കുന്നുണ്ടെന്നും ഒരു ലക്ഷത്തിന് നാലായിരം രൂപ പലിശ തരാമെന്ന് പറയുകയും ഇതിന്‍പ്രകാരം ആദ്യമാസത്തിലും രണ്ടാം മാസത്തിലും നാലായിരം രൂപ നല്‍കുകയും ചെയ്തു. തുടര്‍ന്ന് ടീച്ചര്‍ മൂന്ന് ലക്ഷം രൂപ ഇയാള്‍ക്ക് നല്‍കി. ഇതിന് 12,000 രൂപ പലിശ നല്‍കിയെന്നും തുടര്‍ന്ന് പല ഘട്ടങ്ങളിലായി ഇരുത്തിയേഴ് ലക്ഷത്തി അമ്പതിനായിരം രൂപ ഇയാള്‍ ടീച്ചറില്‍ നിന്നും വാങ്ങി. തുടര്‍ന്ന് വാങ്ങിയ പണത്തിന് പലിശ നല്‍കാതായതോടെ ടീച്ചര്‍ അന്വേഷിച്ചപ്പോള്‍ ബിസ്‌നസിലേക്ക് കൂടുതല്‍ പണം ഇറക്കാനുള്ളതുകൊണ്ടാണെന്ന് മറുപടി നല്‍കി. ഇതെ തുടര്‍ന്ന് സഹായിക്കാനായി ടീച്ചര്‍ കൈവശമുണ്ടായിരുന്ന 21 പവന്‍ സ്വര്‍ണാഭരണങ്ങളും ഫിറോസിന് നല്‍കി. ഈ സ്വര്‍ണാഭരണങ്ങള്‍ തിരൂരില്‍ ഒരു ബാങ്കില്‍ പണയം വെക്കുകയും അതെടുത്ത് പിന്നീട് വില്‍ക്കുകയും ചെയ്തു. 2019 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് ഇയാള്‍ അധ്യാപികയെ തട്ടിപ്പിനിരയാക്കിയത്.

പിന്നീട് പണത്തെ കുറിച്ച് അന്വേഷിച്ച് ടീച്ചര്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത് ഫിറോസ് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ടീച്ചര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ തലക്കടത്തൂരിലായിരുന്നു താമസം എന്നാണ് ടീച്ചറോട് പറഞ്ഞത്. എന്നാല്‍ തുടര്‍ന്ന് പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ നാലുവര്‍ഷം മുന്‍പ് തന്നെ തലക്കടത്തൂരിലെ വീടും സ്ഥലവുമെല്ലാം വിറ്റ് കര്‍ണാടകയില്‍ വാഹനഗതാഗതമില്ലാത്ത ഹാസ്സനിലെ ഒരു ഗ്രാമത്തില്‍ കൃഷി ചെയ്ത് ജീവിച്ചുവരുന്നതായി പോലീസ് കണ്ടെത്തിയത്.

തുടര്‍ന്ന് പരപ്പനങ്ങാടി സി ഐ വിനോദ് വലിയാട്ടൂര്‍, എ എസ് ഐ റീന,എസ് സി പി ഒ അഭിലാഷ്,ഡ്രൈവര്‍ സിപിഒ സച്ചിന്‍ എന്നിവര്‍ കര്‍ണാടകയില്‍ പോവുകയും ഇയാൾ ഇടക്കിടെ പോകാറുള്ള ദര്‍ഗയി ചെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തില്‍ ഒരു ഗ്രാമത്തിൽ നിന്ന് ഇയാളുടെ വണ്ടി കണ്ടെടുക്കുകയും ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഇയാൾ അവിടെ ആഢംബര ജീവിതം നയിച്ചുവരികയായിരുന്നവെന്ന് കണ്ടത്തിയതായി പോലീസ് പറയുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാൾ രണ്ടുതവണ ഭാര്യയുടെ കൂടെയെത്തിയാണ് ടീച്ചറില്‍ നിന്നും പണം വാങ്ങിയതെന്ന് – പരാതിയിൽ പറയുന്നു. ഭാര്യയുടെ അറിവോടെയാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയതായി പോലിസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top