ആക്ഷന്‍ മോഡില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍; ഹൈപ്പ് കൂട്ടി ‘പേട്രിയറ്റ്’

മലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവമായി റിലീസിനൊരുങ്ങുന്ന ‘പേട്രിയറ്റ്’ ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ മാസ് ആക്ഷന്‍ ലുക്കിലുള്ള പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബനും സെക്കന്റ് ലുക്ക് പോസ്റ്ററിന്റെ ഭാഗമാണ്. തോക്ക് ചൂണ്ടി നില്‍ക്കുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ പ്രേക്ഷകരില്‍ ആവേശം നിറക്കുന്ന ഗെറ്റപ്പിലാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഡ്രൈവിംഗ് സീറ്റിലാണ് പോസ്റ്ററില്‍ കുഞ്ചാക്കോ ബോബന്റെ സ്ഥാനം എന്നതും ശ്രദ്ധേയമാണ്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം 2026 ഏപ്രില്‍ 23 നു ആഗോള റിലീസായി തീയേറ്ററുകളില്‍ എത്തും. മമ്മൂട്ടി, മോഹന്‍ലാല്‍, എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രാജീവ് മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. സി ആര്‍ സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ചിത്രത്തിന്റെ ഡബ്ബിങ് ഉള്‍പ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ഡബ്ബിങ് പൂര്‍ത്തിയാക്കിയ വിവരം, ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്നുള്ള അവരുടെ ഡബ്ബിങ് ദൃശ്യങ്ങള്‍ പുറത്തു വിട്ടു കൊണ്ടാണ് പ്രേക്ഷകരുമായി പങ്കു വെച്ചത്. ഇത് കൂടാതെ, ചിത്രത്തിലെ ആദ്യത്തെ ബിടിഎസ് വീഡിയോയും പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ ശ്രീലങ്കന്‍ ഷെഡ്യൂളില്‍ നിന്നുള്ള ബിടിഎസ് മേക്കിംഗ് വീഡിയോ ആണ് റിലീസ് ചെയ്തത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഈ വിഡീയോയുടെ ഭാഗമായിരുന്നു.

മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവര്‍ഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വര്‍ഷം ആദ്യം പൂര്‍ത്തിയായത്. മലയാളത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോള്‍ പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസര്‍ബെയ്ജാന്‍, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്.

ടേക്ക് ഓഫ്,മാലിക് എന്നീ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ അന്താരാഷ്ട്ര സ്‌പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാന്‍വാസിലുമാണ് ഒരുക്കുന്നത് എന്ന് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍, പോസ്റ്ററുകള്‍, ബിടിഎസ് വീഡിയോ എന്നിവ സൂചിപ്പിക്കുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നുള്ള സൂചനയാണ് ഇതിന്റെ ടൈറ്റില്‍ ടീസറും, ഇപ്പൊള്‍ പുറത്ത് വന്ന സെക്കന്‍ഡ് ലുക്ക് പോസ്റ്ററും നല്‍കുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്തിരിക്കുന്നു.

മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക മേന്മയോടെ തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രം രചിച്ചത്, സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ്. മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകനായ സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത്, ബോളിവുഡിലെ വമ്പന്‍ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ദൃശ്യങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദന്‍ ആണ്. സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് പാര്‍ട്ണര്‍.

ഛായാഗ്രഹണം – മാനുഷ് നന്ദന്‍, സംഗീതം – സുഷിന്‍ ശ്യാം, എഡിറ്റിംഗ് – മഹേഷ് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‌സ്: ഷാജി നടുവില്‍, ജിബിന്‍ ജേക്കബ്, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ഡിക്സണ്‍ പൊടുത്താസ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് – സുനില്‍ സിങ്, നിരൂപ് പിന്റോ, ജസ്റ്റിന്‍ ബോബന്‍, ജെസ്വിന്‍ ബോബന്‍, സിങ്ക് സൗണ്ട് – വൈശാഖ് പി വി, മേക്കപ്പ് – രഞ്ജിത് അമ്പാടി, ലിറിക്‌സ് – അന്‍വര്‍ അലി, സംഘട്ടനം – ദിലീപ് സുബ്ബരായന്‍, സ്റ്റണ്ട് സില്‍വ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈന്‍ – ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം – ഷോബി പോള്‍രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റില്‍സ് – നവീന്‍ മുരളി, വിഎഫ്എക്‌സ് – ഫയര്‍ ഫ്‌ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്‌സ്, ഫാന്റം വിഎഫ്എക്‌സ്, പിക്ടോറിയല്‍ വിഎഫ്എക്‌സ്, ബൈനറി സര്‍ക്കസ്, ഡി ഐ കളറിസ്റ്റ് – ആശീര്‍വാദ് ഹദ്കര്‍, പബ്ലിസിറ്റി ഡിസൈന്‍ – എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, പിആര്‍ഓ: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, വിതരണം- ആന്‍ മെഗാ മീഡിയ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top