മമ്പുറം ആണ്ടുനേര്‍ച്ചയ്ക്ക് ഭക്തിസാന്ദ്രമായ തുടക്കം

തിരൂരങ്ങാടി: ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല അല്‍ഹുസൈനി തങ്ങളുടെ 186-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് ഭക്തിസാന്ദ്രമായ തുടക്കം. മമ്പുറം സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ കൊടി ഉയര്‍ത്തിയതോടെയാണ് ആണ്ടുനേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമായത്. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
മഖാമില്‍ നടന്ന കൂട്ടസിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.

മലബാറിലെ മത-സാമൂഹിക മേഖലയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മമ്പുറം തങ്ങളുടെ ആത്മീയ സാമീപ്യം തേടി ജാതി-മത ഭേദമന്യേ പതിനായിരങ്ങള്‍ ഇനിയൊരാഴ്ചക്കാലം മമ്പുറത്തേക്കൊഴുകും.

സി. എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, കെ.എം സൈദലവി ഹാജി പുലിക്കോട്, യു. ശാഫി ഹാജി ചെമ്മാട്, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി വെളിമുക്ക്, സയ്യിദ് അഹ്‌മദ് ജിഫ്രി കക്കാട്, പി.കെ മുഹമ്മദ് ഹാജി വെളിമുക്ക്, കോയക്കുട്ടി തങ്ങള്‍ മമ്പുറം, ഹാശിഫ് ഹുദവി മമ്പുറം, പി.കെ ഇബ്രാഹിം ഹാജി, പി.ടി അഹ്‌മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

രാത്രി നടന്ന മജ്ലിസുന്നൂര്‍ ആത്മീയ സദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി കണ്ണന്തളി ആമുഖഭാഷണം നിര്‍വഹിച്ചു.

ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ മതപ്രഭാഷണങ്ങള്‍ നടക്കും. രാത്രി ഏഴരക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പരമ്പര ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. നാളെ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും അന്‍വറലി ഹുദവി പുളിയക്കോട് പ്രഭാഷണവും നിര്‍വഹിക്കും. 10 ന് ബുധന്‍ രാത്രി സയ്യിദ് മുഈനലി ശിഹാബ് തങ്ങളും 12 ന് വെള്ളിയാഴ്ച രാത്രി സയ്യിദ് ബശീറലി ശിഹാബ് തങ്ങളും മതപ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്യും. അഹ്‌മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

11 ന് വ്യാഴാഴ്ച രാത്രി മഖാമില്‍ നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.

മമ്പുറം തങ്ങളുടെ മതസൗഹാര്‍ദ്ദ സന്ദേശങ്ങള്‍ ദേശവ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ 13 ന് ശനിയാഴ്ച രാവിലെ ”മമ്പുറം തങ്ങളുടെ ലോകം” ചരിത്ര സെമിനാര്‍ നടക്കും. ഡോ. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാവും.

‘മലബാറിലെ തങ്ങള്‍ പാരമ്പര്യവും സാമൂഹ്യനീതിക്കായുള്ള മുന്നേറ്റങ്ങളും’ എന്ന വിഷയത്തില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ.എസ് മാധവന്‍ മുഖ്യപ്രഭാഷണം നടത്തും. ‘മമ്പുറം തങ്ങളും മലബാറിലെ സമൂഹ നിര്‍മിതിയും’ വിഷയത്തില്‍ ഡോ. മോയിന്‍ ഹുദവി മലയമ്മ, ‘നാട്ടുകഥകളും തിരുശേഷിപ്പുകളും; മമ്പുറം തങ്ങളുടെ പില്‍ക്കാല ജീവിതം’ വിഷയത്തില്‍ അനീസ് ഹുദവി കംബ്ലക്കാട് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

രാത്രി നടക്കുന്ന മമ്പുറം തങ്ങള്‍ അനുസ്മരണവും ഹിഫ്ള് സനദ് ദാനവും പ്രാര്‍ത്ഥനാ സദസ്സും സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്ഥഫാ ഫൈസി തിരൂര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനനദ് ദാനം സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിക്കും. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിക്കും. പ്രാര്‍ഥനാ സദസ്സിന് പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.

സമാപന ദിവസമായ 14ന് ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷനാവും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും.

ഉച്ചക്ക് 1:30 ന് നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് പരിസമാപ്തിയാവും. സമാപന പ്രാര്‍ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.

Share news
error: Content is protected !!
Scroll to Top