മല്ലു ഹിന്ദു ഐഎഎസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ , ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: മല്ലു ഹിന്ദു ഐഎഎസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിഷയത്തില്‍ കെ ഗോപാലകൃഷ്ണന്‍ ഐഎസിനെതിരെ നടപടിക്ക് ശുപാര്‍ശ. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കി. കെ ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടറാണ് കെ ഗോപാലകൃഷ്ണന്‍ ഐഎഎസ്.

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി നേരത്തെ വിശദീകരണം തേടിയിരുന്നു. നേരത്തെ ഫോണ്‍ ഹാക്ക് ചെയ്‌തെന്നായിരുന്നു ഗോപാലകൃഷ്ണന്റെ അവകാശവാദം.ഫോണ്‍ ഹാക്ക് ചെയ്ത് ഗ്രൂപ്പ് ഉണ്ടാക്കി എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. കെ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന റിപ്പോര്‍ട്ട് ഡിജിപി ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു.

മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഫോറന്‍സിക് പരിശോധനയുടെയും മെറ്റയുടെയും കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നത്. മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് നല്‍കിയതെന്ന ഗുരുതര പരാമര്‍ശവും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. മറ്റൊരു ഐ പി അഡ്രസ് ഫോണില്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് മെറ്റ അന്വേഷണ സംഘത്തിന് മറുപടി നല്‍കിയത്. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലന്ന മെറ്റ ചൂണ്ടിക്കാണിച്ചതും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ പ്രശാന്ത് വ്യക്തിപരമായ പരാമര്‍ശം നടത്തിയത് കടുത്ത ചട്ടലംഘനമാണെന്നും ചീഫ്സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top