ഷാര്‍ജയില്‍ മലയാളി യുവതിയെയും ഒന്നര വയസ്സുള്ള മകളെയും ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 

ഷാര്‍ജ : മലയാളി യുവതിയെയും ഒന്നര വയസ്സുള്ള മകളെയും ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയ വീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനില്‍ വിപഞ്ചിക മണിയനും (33) മകള്‍ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. സംഭവസ്ഥലം പരിശോധിച്ച ഡോക്ടറുടെ പ്രാഥമിക വിലയിരുത്തലില്‍ സ്ത്രീയുടെ കഴുത്തില്‍ ഇതിന്റെ സൂചന നല്‍കുന്ന പാടുകളുണ്ടായിരുന്നു.

കുഞ്ഞിന്റെ മരണത്തിന് കാരണം അമ്മയാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റിലായിരുന്നു സംഭവം. വിവരം ലഭിച്ച ഉടന്‍ തന്നെ പോലീസ് ഓപ്പറേഷന്‍സ് റൂമും എമര്‍ജന്‍സി സംഘവും സ്ഥലത്തെത്തി. അമ്മ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ കുട്ടിയും മരണത്തിന് കീഴടങ്ങി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഫോറന്‍സിക് ലാബിലേക്ക് മാറ്റിയിരിക്കുകയാണ്.

ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന വിപഞ്ചികയും സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറായ നിതീഷും കുറച്ച് കാലമായി വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. അല്‍ ബുഹൈറ പോലീസ് കേസ് വിശദമായി അന്വേഷിച്ചുവരികയാണ്. കൃത്യത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ് എന്ന് അധികൃതര്‍ വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top