HIGHLIGHTS : Malayali fishermen stuck in Qatar will return home Today

തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയന്‍ ക്രിസ്റ്റഫര്‍(36), അരുണ്‍(22), അടിമലത്തുറ സ്വദേശി മൈക്കല്‍ സെല്‍വദാസന്‍ (34) എന്നിവരാണ് ഇന്ന് വൈകുന്നേരം 5.40നുള്ള വിമാനത്തില്‍ തിരുവന്തപുരത്തെത്തുന്നത്.
ഇവര്‍ ഉള്‍പ്പെടെ ആറ് മലയാളികള്‍ ജൂണ്‍ മൂന്നിനാണ് ഖത്തര്‍ പോലീസിന്റെ പിടിയിലായത്. ബോട്ട് ശക്തമായ കാറ്റില്‍പ്പെട്ട് ഖത്തര്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 19നാണ് ഇവര്‍ ഇറാനില്‍ എത്തിയത്.
ഇവരുടെ മോചനത്തിനായി ഖത്തറിലെയും ഇറാനിലെയും ഇന്ത്യന്‍ എംബസിയുമായി നോര്‍ക്ക നിരന്തരം ബന്ധപ്പെട്ടു വരികയായിരുന്നു.
ഇന്ന് (ജൂലൈ 28) രാവിലെ മൂന്നു മണിക്ക് ഖത്തറില്‍ നിന്നും മുംബൈയിലെത്തിയ ഇവരെ നോര്‍ക്ക ഡവലപ്മെന്റ് ഓഫീസ് ഉദ്യോഗസ്ഥരുടെ നേതത്വത്തില്‍ സ്വീകരിച്ച് കേരള ഹൗസില്‍ താമസിപ്പിച്ചിക്കുകയാണ്. കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് അടക്കം ലഭ്യമാക്കിക്കൊണ്ടാണ് ഉച്ചക്ക് 3.30ന് തിരിക്കുന്ന വിമാനത്തില്‍ യാത്രയാക്കുന്നത്.

സംഘത്തില്‍പ്പെട്ട രതീഷ്, സെല്‍വം എന്നിവര്‍ ആര്‍.ടി.പി.സി.ആര്‍ പൂര്‍ത്തിയതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയിരുന്നു. അവശേഷിക്കുന്ന ബേസില്‍ കോവിഡ് ബാധിതനായതിനാല്‍ ഖത്തറില്‍ ക്വാറന്റൈനിലാണ്. വൈകാതെ ഇയാളും നാട്ടിലെത്തും. ഇവര്‍ മൂവരും പൂന്തുറ സ്വദേശികളാണ്.