മാലിന്യക്കൂനയില്ലാത്ത മലപ്പുറം: വൃത്തിയാക്കിയ ഭൂമി മന്ത്രി എംബി രാജേഷ് നാടിന് സമർപ്പിക്കും

മലപ്പുറം നഗരസഭയിലെ പുളിയേറ്റുമ്മല്‍ ട്രഞ്ചിങ് ഗ്രൗണ്ട് വീണ്ടെടുത്തതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 11 ന് രാവിലെ 11ന് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. ലോക ബാങ്കിന്റെയും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് മാലിന്യ കൂനകള്‍ നീക്കം ചെയ്തത്.

അഞ്ച് ഏക്കര്‍ ഭൂമിയിലെ മാലിന്യങ്ങളാണ് ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെ ശുദ്ധീകരിച്ചു ഭൂമി തിരികെ എടുത്തത്. സംസ്ഥാനത്തെ 20 നഗരഭരണ പ്രദേശങ്ങളിലാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ ആദ്യം പൂര്‍ത്തിയാകുന്നത് മലപ്പുറത്താണ്.

നാലടി താഴ്ചയില്‍ മാലിന്യങ്ങള്‍ കുഴിച്ചെടുത്തു വേര്‍തിരിച്ച 10,800 മെട്രിക് ക്യൂബ് മാലിന്യമാണ് വിവിധ ഫാക്ടറികളിലേക്കും നിര്‍മാണ മേഖലയിലേക്കും കയറ്റി അയച്ചത്. വര്‍ഷങ്ങളായി മലപ്പുറം നഗര പ്രദേശങ്ങളില്‍ നിന്നു ശേഖരിച്ച മാലിന്യങ്ങളായിരുന്നു പുളിയേറ്റുമ്മല്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളിയിരുന്നത്. ഈ മാലിന്യങ്ങളെ കമ്പി, മണല്‍, കല്ല് തുടങ്ങിയ വിവിധ ഇനങ്ങളായി വേര്‍തിരിച്ചാണ് ബയോമൈനിങ് പദ്ധതി പൂര്‍ത്തീകരിച്ചത്. തിരിച്ചെടുത്ത ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ കണ്‍വെന്‍ഷന്‍ സെന്റര്‍, കോര്‍ട്ട്, ടര്‍ഫ് ഗ്രൗണ്ട്, പാര്‍ക്ക്, ഓപ്പണ്‍ ജിം ഉള്‍പ്പെടെ സജ്ജമാക്കാനാണ് നഗരസഭയുടെ പദ്ധതി.

പുളിയേറ്റുമ്മല്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നടക്കുന്ന  പ്രഖ്യാപന ചടങ്ങില്‍   ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍മാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി. ഉബൈദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം  കെ റഫീഖ,
കെ.എസ്.ഡബ്ല്യു.എം.പി സംസ്ഥാന ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍, ജില്ലാ കളക്ടര്‍ വി ആര്‍  വിനോദ്, നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി തുടങ്ങിയവര്‍ പങ്കെടുക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
error: Content is protected !!
Scroll to Top