കാഴ്‌ചപരിമിതിയുള്ള അധ്യാപകര്‍ക്ക്‌ ടാബ്‌ലറ്റ്‌ കംപ്യൂട്ടര്‍ നല്‍കും – ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌

tabletമലപ്പുറം: കാഴ്‌ചപരിമിതിയുള്ളവര്‍ക്കായി ജില്ലാ പഞ്ചായത്ത്‌ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഇതിന്റെ ഭാഗമായി ഈ വര്‍ഷം കാഴ്‌ചപരിമിതിയുള്ള അധ്യാപകര്‍ക്ക്‌ ടാബ്‌ലറ്റ്‌ കംപ്യൂട്ടര്‍ നല്‍കുമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ അറിയിച്ചു. തിരുവനന്തപുരം ‘ഇന്‍സൈറ്റ്‌’ ല്‍ പരിശീലനം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കാണ്‌ ആദ്യഘട്ടത്തില്‍ കംപ്യൂട്ടര്‍ നല്‍കുക. വായനാവാരത്തോടനുബന്ധിച്ച്‌ ഐ.റ്റി@സ്‌കൂള്‍ ഹാളില്‍ നടത്തിയ ‘കാഴ്‌ചപരിമിതരും വായനാസാധ്യതകളും’ ശില്‌പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്‌. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌, ജില്ലാ പഞ്ചായത്ത്‌, ജില്ലാ ഭരണകാര്യാലയം, ഫെഡറേഷന്‍ ഓഫ്‌ ദി ബ്ലൈന്‍ഡ്‌ യൂത്ത്‌ ഫോറം എന്നിവരുടെ ആഭിമുഖ്യത്തിലാണ്‌ ശില്‌പശാല നടത്തിയത്‌.
സാമൂഹിക സുരക്ഷാമിഷന്റെ പ്രൊജക്‌റ്റായ ഇന്‍സൈറ്റും ഡയറ്റുമായി സഹകരിച്ച്‌ കാഴ്‌ചപരിമിതിയുള്ള അധ്യാപകര്‍ക്കായി കൂടുതല്‍ പരിശീലനം നല്‍കണമെന്നും, പാഠപുസ്‌തകങ്ങള്‍ ടെക്‌സ്റ്റ്‌ ഫയലായി ലഭ്യമാക്കണമെന്നും, സ്‌കൂളുകളില്‍ പ്രത്യേക പ്രോജക്‌ട്‌റ്ററുകള്‍ സജ്ജമാക്കണമെന്നും, സ്‌പെഷല്‍ ക്ലസ്റ്റര്‍ ക്ലാസൂകള്‍ നടത്തണമെന്നുമുള്ള അധ്യാപകരുടെ ആവശ്യം നടപ്പാക്കുമെന്ന്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഉറപ്പ്‌ നല്‍കി. തുടര്‍ന്ന്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍ മുതല്‍ കെ.ആര്‍. മീര വരെയുള്ളവരുടെ പുസ്‌തകങ്ങള്‍ വായിച്ച അനുഭവങ്ങള്‍ അധ്യാപകര്‍ പങ്കുവെച്ചു.
ഫെഡറേഷന്‍ ഓഫ്‌ ദി ബ്ലൈന്‍ഡ്‌ യൂത്ത്‌ ഫോറം പ്രസിഡന്റ്‌ കെ. അബ്‌ദുല്‍ അസീസ്‌, സെക്രട്ടറി എം. സുധീര്‍, കെ. ശരഫുദീന്‍, കെ.പി. ജലീല്‍ എന്നിവര്‍ ക്ലാസെടുത്തു.
ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സക്കീനാ പുല്‍പ്പാടന്‍ അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ കുമാരി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ പി. സഫറുള്ള, ഐ.റ്റി@സ്‌കൂള്‍ കോഡിനേറ്റര്‍ ഹബീബ്‌ റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.