
വള്ളിക്കുന്നില്‍ ചലനശേഷി നഷ്ടപ്പെട്ട യുവതിയെ ആക്രമിച്ച് കവര്‍ച്ചനടത്താന്‍ ശ്രമം
വള്ളിക്കുന്ന്: ഇരുപതുകാരിയെ വീട്ടില്‍ കയറി ആക്രമിച്ചു. അറിയപ്പെടുന്ന ഗായകനായ കൊടക്കാട് കൂട്ടുമൂച്ചിയില്‍ പാറോല്‍ സുരേന്ദ്രന്റെ അരക്ക് താഴെ ചലനശേഷിയില്ലാത്ത മകളെയാണ് വീട്ടില്‍ കയറി അജ്ഞാത യുവാവ് ആക്രമിച്ചത്.
ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. സംഭവ സമയത്ത് വീട്ടിന്റെ അടുക്കളഭാഗത്ത് വീല്‍ചെയറിലിരിക്കുകയായിരുന്നു യുവതി. ഈ സമയം അമ്മ തൊട്ടടുത്തുള്ള വീട്ടിലേക്ക് പോയതായിരുന്നു. യുവതിയുടെ സമീപത്തെത്തിയ യുവാവ് അവ്യക്തമായി എന്തോ സംസാരിച്ചു എന്നാല്‍ ഇത് മനസിലാവത്ത പെണ്‍കുട്ടി ഉടനെ അമ്മയെ ഉറക്കെ വിളിക്കുകയായിരുന്നു. ഇതോടെ യുവാവ് കയ്യില്‍ കരുതിയിരുന്ന ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് കഴുത്തിനിട്ട് ഇടിക്കുകയും കഴുത്തിലെ ചെയിന്‍ വലിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി നിലവിളിച്ചപ്പോള്‍ ഇയാള്‍ തലയ്ക്ക് അടിക്കുകയായിരുന്നത്രെ. ഈ ആഘാതത്തില്‍ യുവതിയുടെ ബോധം നഷടപ്പെട്ടു. ഈ സമയത്ത് അക്രമി ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ശബ്ദം കേട്ട് അമ്മ ഓടിയെത്തിയപ്പോള്‍ മകള്‍ വീല്‍ചെയറില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ ഇവര്‍ മകളെ സമീപത്തെ സ്വ്കാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു . ആശുപത്രിയില്‍ വെച്ച് ബോധം വന്നശേഷമാണ് പെണ്‍കുട്ടി അമ്മയോട് സംഭവത്തെ കുറിച്ച് പറയുന്നത്.
തുടര്‍ന്ന് ഇവര്‍ പരപ്പനങ്ങാടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു. ..




