Section

malabari-logo-mobile

സിനിമാ കാഴ്ച: 2018ലെ മികച്ച നടന്‍മാര്‍

HIGHLIGHTS : മുനീര്‍ ചേളാരി എഴുതുന്നു മേരിക്കുട്ടിയിലൂടെ ജയസൂര്യക്ക് ലഭിച്ച പുരസ്‌കാരം ട്രാന്‍സ്‌ജെന്ററുകളോട് മലയാളസിനിമ ചെയ്ത തെറ്റിനുള്ള പ്രായ്ശ്ചിത്തം കൂടിയാ...

മുനീര്‍ ചേളാരി എഴുതുന്നു

മേരിക്കുട്ടിയിലൂടെ ജയസൂര്യക്ക് ലഭിച്ച പുരസ്‌കാരം ട്രാന്‍സ്‌ജെന്ററുകളോട് മലയാളസിനിമ ചെയ്ത തെറ്റിനുള്ള പ്രായ്ശ്ചിത്തം കൂടിയാണ്
2018ലെ മികച്ച നടനുള്ള പുരസ്‌ക്കാരം ജയസൂര്യക്ക് ലഭിക്കുമ്പോള്‍ ഒരു പാട് സന്തോഷവും,അഭിമാനവും തോന്നുന്നുണ്ട്.

sameeksha-malabarinews

കൃത്യം പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2005ല്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ദിലീപിനെ നായകനാക്കി മലയാളത്തില്‍ ‘ചാന്ത് പ്പൊട്ട്’ എന്ന ഒരു സിനിമ റിലീസ് ചെയ്തു. അപരവല്‍ക്കരിക്കപ്പെട്ട ,തൊഴിലിടങ്ങള്‍ നിഷേധിക്കപ്പെട്ട, വിദ്യഭ്യാസം പൂര്‍ത്തിയാക്കാനാവാതെ അപമാനഭാരത്താല്‍ തല താഴ്ത്തി സ്‌കൂള്‍പടികള്‍ ഇറങ്ങേണ്ടി വന്ന, വീടകങ്ങളിലെ അടക്കിപ്പിടിച്ച ചിരികള്‍ക്ക് മുന്‍പില്‍ ചങ്ക് തളര്‍ന്ന് ഇരിക്കേണ്ടി വരുന്ന, ഒടുവില്‍ അവിടെ നിന്നും ആട്ടിയിറക്കപ്പെടുന്ന ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തെ കളിയാക്കിയും, മിമിക്രി കളിപ്പിച്ചും സമൂഹമധ്യത്തില്‍ അപഹാസ്യ കഥാപാത്രമാക്കിയ സിനിമ .

ഈ സിനിമ ഇറങ്ങിയതോട് കൂടി കേരളീയ സമൂഹത്തിലേക്ക് ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തെ പരിഹസിക്കാന്‍ ഒരു വാക്ക് കൂടി കൂട്ടി ചേര്‍ക്കുകയായിരുന്നു ലാല്‍ ജോസ് ചെയ്തത്.
അങ്ങനെയൊരു അനുഭവം Queer kerala Award winner പ്രിയപ്പെട്ട മുഹമ്മദ് ഉനൈസ് തന്റെ ജീവിത വെളിച്ചത്തില്‍ പങ്ക് വെക്കുകയുമുണ്ടായിട്ടുണ്ട്.

2018ല്‍ ആ മലയാള സിനിമയില്‍ നിന്ന് തന്നെ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് ‘ഞാന്‍ മേരിക്കുട്ടി’ എന്ന ഒരു സിനിമയൊരുക്കി കൊണ്ട് അവരുടെ ജീവിത പരിസരങ്ങളെ, ആത്മാഭിമാനത്തെ ചേര്‍ത്ത് നിര്‍ത്തുകയാണ് ചെയ്തത്. ട്രാന്‍സ്‌ജെന്റര്‍ എന്നാല്‍ ലൈംഗികത്തൊഴിലാളി എന്ന പൊതുബോധത്തിന്റെ മുന്‍പിലേക്കാണ് പോലീസ് സബ് ഇന്‍സ്‌പെകട്‌റുടെ കാക്കി യൂണിഫോമും ധരിച്ച് മേരിക്കുട്ടി വന്ന് നില്‍ക്കുന്നത്.
മേരിക്കുട്ടിയിലൂടെ ജയസൂര്യക്ക് ലഭിക്കുന്ന സംസ്ഥാന അവാര്‍ഡ് ചരിത്രം ട്രാന്‍സ്‌ജെന്ററുകളോട് ചെയ്ത തെറ്റിനോടുള്ള പ്രായശ്ചിത്തം കൂടിയാണ്.

ജയസൂര്യ എന്ന നടന്റെ അത്ഭുതാവഹമായ ശരീരഭാഷ….

ക്യാപ്റ്റന്‍ :പ്രജേഷ് സെന്നിന്റെ ആദ്യ സിനിമ.
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റനും, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ പ്ലെയറുമായ വി.പി.സത്യന്റെ ബയോഗ്രഫിക്കല്‍ മൂവി.

സത്യസന്ധമായ അവതരണമാണ് മറ്റു ബയോപിക്ക് മൂവികളില്‍ നിന്നും ക്യാപ്റ്റനെ വ്യത്യസ്തമാക്കുന്നത്.

ഫുട്‌ബോളിന് വേണ്ടി ജീവിതം മുഴുവന്‍ മാറ്റി വെച്ച സത്യനെ പുതു തലമുറ ജയസൂര്യയിലൂടെ അഭ്രപാളിയില്‍ അനുഭവിക്കുകയായിരുന്നു… മേരിക്കുട്ടിയും, സത്യനും രണ്ട് ശരീരഭാഷ വേണ്ട വ്യത്യസ്ത കഥാപാത്രങ്ങള്‍ ജയസൂര്യ എന്ന ഒരൊറ്റ നടനിലുടെ സംഭവിക്കുകയായിരുന്നു.
നിരന്തരമായ നവീകരണത്തിലൂടെയും, കഠിനാദ്ധ്വാനത്തിലൂടെയും മാത്രം സാധ്യമാവുന്ന ഒന്ന്.
ജയസൂര്യ, നിങ്ങള്‍ മലയാള സിനിമക്ക് ഒരു പാഠപുസ്തകമായി മാറുന്നുണ്ട്.

ജയസൂര്യക്ക് ഒപ്പം സൗബിനും….

മലപ്പുറത്തിന്റെ., മജീദിന്റെ., സൗബീന്റെ., ശ്വാസത്തില്‍ അലിഞ്ഞുചേര്‍ന്ന കാല്‍പന്തുകളിക്കുള്ള അംഗീകാരം

സൗബിന്‍ ഷാഹിര്‍ :സുഡാനി ഫ്രം നൈജീരിയയിലെ സെവന്‍സ് ഫുട്‌ബോള്‍ ക്ലബിന്റെ മാനേജര്‍ മജീദ്.

മലപ്പുറത്തുകാരന്റെ ഓരോ ശ്വാസത്തിലും ഫുട്‌ബോള്‍ അലിഞ്ഞ് ചേര്‍ന്നിട്ടുണ്ട്. ആ അലിഞ്ഞ് ചേരല്‍ തന്നെയാണ് ഈ സിനിമയുടെയും ,സൗബിന്റെയും വിജയം.

മലപ്പുറത്തെ ഓരോ ഫുട്‌ബോള്‍ പ്രേമിയും, സൗബിനിലൂടെ തങ്ങളെ തന്നെയാണ് കണ്ടത്. തോല്‍ക്കുമെന്നുറപ്പായ കളികളിലും അവസാന നിമിഷങ്ങളില്‍ തങ്ങളുടേതായ ഒരു ഗോള്‍ മജീദ് സ്വപ്നം കാണുന്നുണ്ട്….
നൈജീരിയയുടെ തെരുവില്‍ നിന്നും
Better world സ്വപ്നം കാണുന്ന സാമുവല്‍ മജീദിന്റെ ഉമ്മമാര്‍ക്ക് സുഡാനിയാണ്….
യുദ്ധമോ, ആഭ്യന്തര കലാപങ്ങളോ വേട്ടയാടാത്ത ഒരു ലോകം എല്ലാവരുടെയും സ്വപ്നമാണ്….
അതിരുകളോ ഭാഷയോ വര്‍ണ്ണമോ ജാതിയോ മതമോ വേലിക്കെട്ടുകള്‍ തീര്‍ക്കാത്ത മാനവികതയുടെ മനോഹരമായ ഒരിടത്തെ തീര്‍ക്കാന്‍ സക്കരിയക്ക് തന്റെ ആദ്യ സംരംഭത്തിലൂടെ സാധ്യമായിട്ടുണ്ട്….
അതിനാല്‍ തന്നെ ആയിരിക്കാം മജീദും, സുഡാനിയും അത്രയേറെ ജനപ്രിയമായത്.

മൗദൂദി, സലഫി പ്രസ്ഥാനങ്ങള്‍ മുസ്ലീം സമൂഹത്തിനിടയില്‍ വിതച്ചിടുന്ന ചില വിഷബീജങ്ങളെ മമ്പുറം പള്ളിയിലെ വെളിച്ചെണ്ണയിലൂടെ മറികടക്കാന്‍ ഓരോ മലപ്പുറത്തുകാരനും സാധ്യമാവുന്നുണ്ട്….

ചെറിയ വിയോജിപ്പോട് കൂടി പറയട്ടെ…
‘ഇതര മതസ്ഥന്’ സ്വര്‍ഗ്ഗം കിട്ടാനും, പരലോക സുഖത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും തയ്യാറാവുന്ന ഒരു മുസ്ലീം പണ്ഡിതനെയും ഈ കാലയളവിനുള്ളില്‍ മലപ്പുറത്ത് എവിടെയും ഞാന്‍ കണ്ടിട്ടില്ല…. സക്കരിയയോട് ആ വിയോജിപ്പ് പ്രകടിപ്പിക്കാതെ പോയാല്‍ മലപ്പുറത്ത്കാരന്റെ മുകളില്‍ അതൊരു ഭാരമായിരിക്കും…!!
എല്ലാ വികാരങ്ങളും അടങ്ങിയ ഒരു സാധാരണ ജനത തന്നെയാണ് മലപ്പുറത്തേയും എന്ന് പറയാതെ വയ്യാ….

സൗബിന്‍ ഷാഹിര്‍ ഒരു മികച്ച നടനാണ്. പക്ഷേ ജയസൂര്യയുടെ മേരിക്കുട്ടിയുടെയും, ക്യാപ്റ്റന്‍ സത്യന്റെയും പ്രകടനത്തിനോടൊപ്പം നില്‍ക്കുന്ന പ്രകടനമാണ് മജീദ് എന്ന് തോന്നുന്നില്ല…
കുമ്പളങ്ങി നൈറ്റ്‌സിലെ സജിയില്‍ പല ഇടങ്ങളിലായിട്ട് മജീദ് മിന്നിമറയുന്നുണ്ട്. അത് ഒരു നടന്റെ പരാജയമാണ്.

സോഷ്യല്‍ മീഡിയകളുടെ സ്വാധീനം സംസ്ഥാന ജൂറി കമ്മിറ്റികളിലും പ്രകടമായിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത് . സോഷ്യല്‍ മീഡിയ പ്രഖ്യാപിച്ച ആരെയും തള്ളാതെ എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്….

അത് എത്രത്തോളം ഗുണകരമായിരിക്കുമെന്ന് കാലം തെളിയിക്കട്ടെ …..

മുനീര്‍ ചേളാരി
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!