ട്രാന്‍സ്ജെന്‍ഡേഴ്സിന് തിരിച്ചറിയല്‍ കാര്‍ഡും സ്വയംസംരംഭകത്വ പരിശീലനവും

മലപ്പുറം:ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും സ്വയം തൊഴില്‍ സംരഭം തുടങ്ങാന്‍ പരിശീലനവും നല്‍കുന്ന പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ തുടക്കം. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ക്ഷേമവും വികാസവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്ജെന്‍ഡര്‍ പോളിസി അംഗീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുതിനായി ഈ സാമ്പത്തിക വര്‍ഷം 20000 രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതുപ്രകാരം ഏഴ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി. ഇതിനായി സാമൂഹിക നീതി വകുപ്പ് ജില്ലയില്‍ മൊത്തമായാണ് അപേക്ഷ ക്ഷണിച്ചത്.

ഇതിന് പുറമെ നാല് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ഡ്രൈവിംഗ് പരിശീലനവും നല്‍കി. സ്വയം തൊഴിലിലൂടെ ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതി പ്രകാരമായിരുന്നു പരിശീലനമെന്ന് ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫിസറുടെ ചുമതല വഹിക്കുന്ന കെ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

പരിശീലന പരിപാടിയ്ക്കായി 42500 രൂപയാണ് സാമൂഹിക നീതി വകുപ്പിന് ജില്ലയില്‍ അനുവദിച്ചത്. ഇതില്‍ 16800 രൂപ ചെലവഴിച്ചു. 161 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ പോളിസി ബോധവത്ക്കരണ ശില്‍പ്പശാലയും സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ചിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം സമൂഹത്തിന്റെ ഭാഗമാണെ തിരിച്ചറിവുണ്ടാക്കുന്നതിന് അധ്യാപകര്‍, പൊലിസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് ഈ അടുത്തിടെ ബോധവത്ക്കരണ ശില്‍പ്പശാല നടത്തിയത്.

Related Articles