മലപ്പുറം ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ 35.42 ലക്ഷം തൊഴില്‍ ദിനങ്ങള്‍

മലപ്പുറം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ 35.42 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ (4.25 ലക്ഷം) സൃഷ്ടിച്ചത് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും ഏറ്റവും കുറവ് തൊഴില്‍ ദിനങ്ങള്‍ (1.03 ലക്ഷം) സൃഷ്ടിച്ചത് വേങ്ങര ബ്ലോക്ക് പഞ്ചായത്തുമാണ്. പദ്ധതിയുടെ നടത്തിപ്പിനായി സാമ്പത്തിക വര്‍ഷം 117 കോടി രൂപയോളം ചെലവഴിച്ചു.
15 ബ്ലോക്കുകളും 94 ഗ്രാമ പഞ്ചായത്തുകളുമുള്ള ജില്ലയില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം മൂന്ന് ലക്ഷത്തില്‍ക്കൂടുതല്‍ തൊഴില്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്.
ഈ സാമ്പത്തിക വര്‍ഷം 28.9 ലക്ഷം തൊഴില്‍ ദിനങ്ങളാണ് കണക്കാക്കിയിരുന്നത്. ഇതില്‍ 35.42 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചത് പദ്ധതിക്ക് വന്‍ നേട്ടമായി. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 47.09 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും. ഇതില്‍ 39.9 ലക്ഷം തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്.
35.42 ലക്ഷം തൊഴില്‍ ദിനങ്ങളില്‍ എസ്. സി വിഭാഗത്തിന് 33.59 ശതമാനവും എസ്. ടി വിഭാഗം 1.46 ശതമാനം തൊഴില്‍ ദിനങ്ങളുമാണ് സൃഷ്ടിച്ചത്. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ 90 ശതമാനം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചത് സ്ത്രീകളാണ്.
പദ്ധതിയുടെ കണക്കനുസരിച്ച് ഈ വര്‍ഷം 77,000 കുടുംബങ്ങളും 85,000 വ്യക്തികളുമാണ് തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിച്ചത്. കൂടാതെ ഭന്നിശേഷിക്കാരും പദ്ധതിയില്‍ പങ്കാളികളായി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന 100 ദിവസത്തെ തൊഴില്‍ ദിനങ്ങളാണ് തൊഴിലാളികള്‍ക്ക് കണക്കാക്കിയിരുന്നത്. എന്നാല്‍ ജില്ലയെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ തെഴിലാളികളുടെ ആവശ്യാനുസരണം ഇത്തവണ തൊഴില്‍ ദിനങ്ങള്‍ 100 ല്‍ നിന്ന് 150 ലേക്ക് മാറ്റി. 639 കുടുംബങ്ങളാണ് ഇത്തവണ 150 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചത്. 7,928 കുടുംബങ്ങള്‍ 100 ദിവസത്തെ വേതന തൊഴിലും പൂര്‍ത്തീകരിച്ചു.
4.05 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് നിലമ്പൂരും 3.03 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് തിരൂരും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. കണക്ക് പ്രകാരം അരീക്കോട് (2.9 ലക്ഷം), വണ്ടൂര്‍ (2.7 ലക്ഷം ), കാളികാവ് (2.4 ലക്ഷം), മങ്കട (2.2 ലക്ഷം ), പെരിന്തല്‍മണ്ണ (2.1 ലക്ഷം ), കുറ്റിപ്പുറം (1.9ലക്ഷം ), പെരുമ്പടപ്പ് (1.8 ലക്ഷം), തിരൂരങ്ങാടി (1.8 ലക്ഷം), മലപ്പുറം (1.6 ലക്ഷം), പൊന്നാനി( 1.6 ലക്ഷം), താനൂര്‍ (1.4 ലക്ഷം ) തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്.

Related Articles