Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് ക്യാരിബാഗുള്‍ക്ക് നിരോധനം വ്യാപാരികള്‍ കടുത്ത ആശയക്കുഴപ്പത്തില്‍

HIGHLIGHTS : പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭ പരിധിക്കുള്ളില്‍ 2019 ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ചുകൊണ്ടുള്ള കൗണ്‍സില്‍ തീരുമാനത്തെ തുട...

പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭ പരിധിക്കുള്ളില്‍ 2019 ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ചുകൊണ്ടുള്ള കൗണ്‍സില്‍ തീരുമാനത്തെ തുടര്‍ന്ന വ്യാപാരികള്‍ കടുത്ത ആശയക്കുഴപ്പത്തില്‍.
നഗരസഭ ആദ്യം 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുമെന്നാണ് വ്യാപരികളെ അറിയിച്ചതെന്ന് വ്യാപാരിസംഘടനകള്‍ പറയുന്നു. ഇതനുസരിച്ച് ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനിടയിലാണ് നഗരസഭ പ്ലാസ്റ്റിക് കവറുകള്‍ പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഒന്നും ചെയ്യാതെ പെട്ടന്ന് ഇത് നടപ്പിലാക്കാനൊരുങ്ങുന്നത് അപ്രായോഗികമാണെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍ സക്രട്ടറി അഷറഫ് കുഞ്ഞാവാസ് പറഞ്ഞു.

ഇത്തരം ക്യാരിബാഗ് നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് കേരളത്തില്‍ ലൈസന്‍സ് നല്‍കുകയും അവ ഉപയോഗിക്കുന്ന വ്യാപരികളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിരോധനത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്ങില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നിര്‍മ്മാണം നിര്‍ത്തുന്നതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും വ്യാപാരികള്‍ പറയുന്നു.കൂടാതെ തൊട്ടടുത്ത പല പഞ്ചായത്തുകളിലും നഗരസഭകളിലും നിരോധനം നിലവിലില്ല. ഇതുകൊണ്ടുതന്നെ അവിടെനിന്നും ഇത്തരം ബാഗുകള്‍ വ്യാപകമായി പരപ്പനങ്ങാടിയിലെത്തുന്നത് തടയാനാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. വ്യാപരികള്‍ ഇതുമായി സഹകരിക്കാന്‍ തയ്യാറാണെന്നും, ഘട്ടം ഘട്ടമായെ നടപ്പിലാക്കാവു എന്നും ഇവര്‍ പറയുന്നു. അതല്ലാതെ നേരിട്ട് ഈ നിയമമുപയോഗിച്ച് വ്യാപാരികള്‍ക്ക് പിഴയിടുന്ന രീതി അംഗീകരിക്കാനാവില്ലെന്നും വ്യാപാരികള്‍ പറയുന്നു. ഈ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ നഗരസഭക്ക് കത്ത് നല്‍കിക്കഴിഞ്ഞു.
ഈ വിഷയം സോഷ്യല്‍മീഡിയയിലടക്കം ഏറെ ചര്‍ച്ചയായതോടെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാര്‍ നഗരസഭയുടെ സദുദ്ദേശത്തെ വെളിപ്പെടുത്തുക്കൊണ്ട് രംഗത്തെത്തി. പ്ലാസ്റ്റിക് ബ്യാഗുകള്‍ നിരോധിക്കണമെന്നത് ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനമല്ലെന്നും വാര്‍ഡ് സഭകള്‍, അയല്‍ക്കുട്ടങ്ങള്‍, വിവിധ വ്യാപാര, ഇതര സംഘടനയോഗങ്ങള്‍ എന്നിവ വിളിച്ചുചേര്‍ത്ത് നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഭരണസമിതി എടുത്തതാണെന്നും കൗണ്‍സിലര്‍ സൈതലവി കടവത്ത് വ്യക്തമാക്കി. സദുദ്ദേശത്തോടെയുള്ള ഈ തീരുമാനം പൊതുജനങ്ങള്‍ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

sameeksha-malabarinews

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ആദ്യ ചുവടുവെയ്പ്പാണ് ഈ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നിരോധനമെന്നും, പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന ഗൗരവമേറിയ പാരിസ്ഥിതിക പ്രശ്‌നങ്ങളടക്കം മുന്നില്‍ കണ്ട് സദുദ്ദേശത്തോടെ ഭരണസമിതിയെടുത്ത ഈ തീരുമാനത്തെ പൊതുജനങ്ങള്‍ ഏറ്റെടുക്കണമെന്നും നഗരസഭ പ്രതിപക്ഷനേതാവുകൂടിയായ ദേവന്‍ ആലുങ്ങല്‍ മലബാറിന്യൂസിനോട് പറഞ്ഞു. ക്യാരിബാഗുകള്‍ നിരോധിക്കുന്ന ആദ്യത്തെ നഗരസഭയല്ല പരപ്പനങ്ങാടിയെന്നും നിരവധി പഞ്ചായത്തുകളിലും നഗരസഭകളിലും ഇത് നടപ്പിലാക്കി വിജയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതു നടപ്പിലാക്കുന്നതിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ പരപ്പനങ്ങാടിയിലെ കല്യാണമണ്ഡപങ്ങളില്‍ പേപ്പര്‍ പ്ലേറ്റുകളും, പ്ലാസ്റ്റിക് ഗ്ലാസുകളും ഫെബ്രുവരി മുതല്‍ ഉണ്ടാവില്ല.
പ്ലാസ്റ്റിക് നല്‍കുന്ന ഗുണങ്ങളോടുകൂടിയ ഇക്കോ ഫ്രണ്ടിലിയായ ക്യാരിബാഗുകള്‍ വരുദിവസങ്ങളില്‍ മാര്‍ക്കറ്റിലെത്തിക്കാനും ശ്രമമുണ്ട്.

എന്തായാലും ഒരു പരിസ്ഥിതിസൗഹൃദ നല്ലനാളേയ്ക്ക് പ്ലാസ്റ്റിക് ഒഴിവാക്കിക്കൊണ്ടുള്ള ബദല്‍ മാര്‍ഗ്ഗങ്ങളും ശീലങ്ങളും പരപ്പനങ്ങാടിക്കാര്‍ തേടിയേ മതിയാകു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!