മലപ്പുറം: കിണറ്റില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി. കിടാവിനോപ്പം മേഞ്ഞു നടക്കുന്നതിനിടെയാണ് പശു കിണറ്റില്‍ വീണത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മലപ്പുറം ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പശുവിനെ രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. പടപ്പറമ്പ് പാങ്ങിലെ ആലുങ്ങല്‍ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് വയസ്സ് പ്രായമുള്ള പശുവാണ് കിടാവിനൊപ്പം കൊറ്റുവത്ത് ബാബുവിന്റെ പറമ്പില്‍ മേഞ്ഞു നടക്കുന്നതിനിടെ കിണറ്റില്‍ വീണത്. 35 അടി താഴ്ചയും പത്തടിയോളം വെള്ളമുള്ള കിണറ്റില്‍വീണ പശുവിനെ രക്ഷപ്പെടുത്താന്‍ ഓടിക്കൂടിയ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ മലപ്പുറം ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു.
ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ഇ.രതീഷ് കിണറ്റിലിറങ്ങി റെസ്‌ക്യൂ ബെല്‍റ്റും റോപ്പും ബന്ധിച്ച് നാട്ടുകാരുടെ സഹായത്തോടെ കിണറ്റില്‍ നിന്നും പശുവിനെ വലിച്ചു കയറ്റുകയായിരുന്നു. പശുവിനെ കാര്യമായ പരിക്കൊന്നും ഉണ്ടായിരുന്നില്ല.
സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ഗഫൂറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബി.വിജയകുമാര്‍, സേനാംഗങ്ങളായ എ.എസ് പ്രദീപ്, എല്‍. ഗോപാലകൃഷ്ണന്‍, സി. വേണുഗോപാല്‍, കെ.കൃഷ്ണകുമാര്‍ സിവില്‍ ഡിഫെന്‍സ് അംഗങ്ങളായ ഷോബിന്‍ മൂര്‍ക്കത്ത്, ഷിജു കോലേരി, സാഹിര്‍ കളത്തില്‍ എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് പശുവിനെ രക്ഷപ്പെടുത്തിയത്.




