മഞ്ചേരിയില്‍ 2 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

മഞ്ചേരി: കഞ്ചാവുമായി യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. പ്രതികളില്‍ നിന്ന് 2 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.  മഞ്ചേരി  പെരിന്തൽമണ്ണ പുഴക്കാട്ടിരിമൂന്നാക്കൽ വീട്ടിൽ മുഹമ്മദ് ആഷിഫ്‌( 24),  നിലമ്പൂർ കരുവാരകുണ്ട് പുൽവറ്റ  കണ്ടേൻ കളത്തിൽ വീട്ടിൽ അനീഷ്(34) എന്നിവരെയാണ് മഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.ശ്യാംകുമാറും സംഘവും
ചേർന്ന് പിടികൂടിയത്.

എക്സൈസ് ഇന്റലിജൻസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി രാജിവ് ഗാന്ധി ബൈപാസ് റോഡിൽ വാഹന പരിശോധന നടത്തവേ മാരുതി സ്വിഫ്റ്റ് കാറിൽ മഞ്ചേരി ഭാഗത്ത് വിൽപ്പനക്കായി കഞ്ചാവ് കൊണ്ടുവരുമ്പോഴാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL10AF 4481 മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു.

മൈസൂരിൽ നിന്നാണ് പ്രതികൾ ഗഞ്ചാവ് വാങ്ങിയത്. വാടകക്ക് എടുക്കുന്ന കാറുകളാണ് കഞ്ചാവ് കടത്തിനായി ഉപയോഗിക്കുന്നത്. മഞ്ചേരിയിലേയും പരിസര പ്രദേശങ്ങളിലേയും യുവാക്കളാണ് പ്രധാന ഉപഭോക്താക്കൾ. പല കേസുകളിലും പ്രതിയായ ഇവർ ജയിലിൽ വച്ചാണ് പരിചയപ്പെട്ടത് എന്ന് പറയുന്നു. മുഹമ്മദ് ആഷിഫ് രണ്ട് വർഷം മുൻപ് വ്യാപാരിയെ തട്ടികൊണ്ട് പോയ കേസിൽ ഇപ്പോൾ ജാമ്യത്തിലാണ്.

ആഡംബര ജീവിതം നയിക്കുന്നതിനാണ് കഞ്ചാവ് കച്ചവടം നടത്തുന്ന തെന്ന് പ്രതികൾ മൊഴി നൽകി.  ഇൻസ്പെക്ടറോടൊപ്പം അസി. ഇൻസ്പെക്ടർ അബ്ദുള്‍ ബഷീർ, പ്രിവന്റീവ് ഓഫീസർമാരായ ഷിജുമോൻ, രാമൻകുട്ടി സിവിൽ എക്സൈസ് ഓഫീസർമാരായ സഫീറലി, സാജിത്, രഞ്ജിത്ത്, പ്രശാന്ത്, ഉമ്മർ കുട്ടി, പ്രദീപ് ,ഉണ്ണികൃഷ്ണൻ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു .

Related Articles