മഞ്ചേരിയില്‍ 89.5 ലക്ഷം കുഴല്‍പണവുമായി രണ്ട് പേര്‍ അറസ്റ്റില്‍

മഞ്ചേരി: കുഴല്‍പണവുമായി രണ്ടുപേര്‍ മഞ്ചേരിയില്‍ പോലീസ് പിടിയിലായി. രേഖകളില്ലാതെ കടത്തുകയായിരുന്ന 89,50,100 രൂപയാണ് പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് താമരശേരി

മഞ്ചേരി: കുഴല്‍പണവുമായി രണ്ടുപേര്‍ മഞ്ചേരിയില്‍ പോലീസ് പിടിയിലായി. രേഖകളില്ലാതെ കടത്തുകയായിരുന്ന 89,50,100 രൂപയാണ് പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് താമരശേരി നൂര്‍ മഹലില്‍ പി പി ഷാനവാസ്(44), കൊടുവള്ളി എളേട്ടില്‍ കണ്ണിട്ടമാക്കല്‍ തോനിക്കണ്ടി വീട്ടില്‍ മസ്ഹൂദ്(19)എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തിട്ടുണ്ട്.

ബുധനാഴ്ച രാവിലെ മഞ്ചേരി പയ്യനാട് അങ്ങാടിക്കു സമീപം വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. കാറിന്റെ സീറ്റിനടിയിലായി രഹസ്യ അറകളിലാണ് നൂറിന്റെയും അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കെട്ടുകളാക്കി പണം സൂക്ഷിച്ചിരുന്നത്.

കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് മലപ്പുറം ഭാഗത്ത് പണം വിതരണം നടത്താന്‍ ഇവരെ ഏല്‍പ്പിച്ചത്. പിടിയിലായ രണ്ടുപേരും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കുഴല്‍പണം വിതരണം നടത്തുന്ന സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ മഞ്ചേരി എസ്‌ഐ എന്‍ ബി ഷൈജു, എസ് ഐ റയാസ് ചാക്കീരി, എ എസ് ഐ സുരേഷ് , സിപിഒ അംബിക, വിജയകുമാര്‍, പ്രദീപ് കുമാര്‍, സുരേഷ് ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.