കൊണ്ടോട്ടി : കോവിഡ്-19 പ്രതിരോധം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍നിന്ന് കോഴിക്കോട് ജില്ലയിലേക്കുള്ള ചെറു റോഡുകളടക്കം അടച്ച് ഗതാഗതം നിരോധിച്ചു. ദേശീയപാതയില്‍ ഇടിമുഴിക്കലില്‍ കര്‍ശന പരിശോധനയ്ക്കുശേഷമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. കോട്ടക്കടവിലും,കടലുണ്ടിക്കടവ് റോഡിലും
കര്‍ശനമപരിശോധന നടക്കുന്നുണ്ട്.
അതിര്‍ത്തിയില്‍ കോഴിക്കോട് ജില്ലയിലേക്കുള്ള പ്രവേശനവഴികളായ പുല്ലിക്കടവ് പാലം, മണ്ണൂര്‍ മുക്കത്തുക്കടവ്, ചേലേമ്പ്ര സില്‍ക്ക്പാലം, കാരാട്-ഫാറൂഖ് കോളേജ് റോഡ്, പാറമ്മല്‍-രാമനാട്ടുകര റോഡ് തുടങ്ങിയ റോഡുകളാണ് കോഴിക്കോട് പോലീസ് അടച്ചുപൂട്ടിയത്. ദേശീയപാതയില്‍ ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കലില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. പോലീസിന് പുറമെ റവന്യൂ, മോട്ടോര്‍വാഹന വകുപ്പ് അധികൃതരും പരിശോധന നടത്തുന്നുണ്ട് . ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ നിര്‍ത്തി പരിശോധിച്ചശേഷമാണ് ഇരുവശത്തേക്കും കടത്തിവിടുന്നത്. സത്യവാങ്മൂലം ഇല്ലാതെയും തക്കതായ കാരണമില്ലാതെയും എത്തുന്ന യാത്രക്കാരെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. സത്യവാങ്മൂലമുണ്ടെങ്കിലും യാത്രാ ഉദ്ദേശ്യം അനിവാര്യമല്ലെങ്കില്‍ തടയുന്നുണ്ട്.
പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ജില്ലാ അതിര്‍ത്തിയായ പതിനൊന്നാംമൈലില്‍ കൊണ്ടോട്ടി പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് കര്‍ശന പരിശോധന നടത്തുന്നുണ്ട് . ചെറു റോഡുകള്‍പോലും അടച്ച സാഹചര്യത്തില്‍ രാമനാട്ടുകരയിലെ മേല്‍പ്പാലത്തിനുചുവടെ കോഴിക്കോട് പോലീസും സ്ഥിരം പരിശോധനാകേന്ദ്രമാക്കിയിട്ടുണ്ട്. ചെറു റോഡുകള്‍പോലും അടച്ച സാഹചര്യത്തില്‍ അതിര്‍ത്തിപ്രദേശത്തെ ജനങ്ങള്‍ ഇരുചക്രവാഹനങ്ങള്‍ കടന്നുപോകാവുന്ന ഊടുവഴികളിലൂടെ അതിര്‍ത്തി കടക്കുന്നുമുണ്ട്. കാരാട്-ഫാറൂഖ് കോളേജ് റോഡ് അടച്ചതോടെ കരുമകന്‍കാവില്‍ വാഹനങ്ങള്‍ സഞ്ചരിച്ച ഇടറോഡ് പരിസരവാസികളും അടച്ചു.




