Section

malabari-logo-mobile

കോട്ടക്കലില്‍ കോടികളുടെ കുഴല്‍പ്പണവേട്ട;പണം തട്ടാനെത്തിയ താനൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘവും പിടിയില്‍

HIGHLIGHTS : കോട്ടക്കല്‍: കോടിക്കണക്കിന് രൂപയുടെ കുഴല്‍പ്പണവും ക്വട്ടേഷന്‍ സംഘത്തെയും കോട്ടക്കലില്‍ പിടികൂടി. ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന മൂന്നേകാല്‍ കോടി ...

കോട്ടക്കല്‍: കോടിക്കണക്കിന് രൂപയുടെ കുഴല്‍പ്പണവും ക്വട്ടേഷന്‍ സംഘത്തെയും കോട്ടക്കലില്‍ പിടികൂടി. ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണവും ഇത് തട്ടിയെടുക്കാനെത്തിയ ക്വട്ടേഷന്‍ സംഘവും പോലീസിന്റെ പിടിയിലായി. ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്. പണവുമായി എത്തിയ ഓട്ടോ ഡ്രൈവറെ സംഘം കാറില്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്തു. താനൂര്‍ സ്വദേശികളായ ഷഫീഖ്, ഇസ്മായില്‍ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പിടിയിലായ ഇരുവരും താനൂരിലെ ഓട്ടോ ഡ്രൈവര്‍മാരാണ്.

ഇന്ന് രാവിലെ പെരിന്തല്‍മണ്ണ-കോട്ടക്കല്‍ റോഡിലെ വലിയപറമ്പിലാണ് നാടകീയ സംഭവം നടന്നത്. പണവുമായെത്തിയ ഓട്ടോ ഡ്രൈവറെ അപായപ്പെടുത്തി ഓട്ടോയുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിന്നിലെത്തിയ കാര്‍ ഓട്ടോയില്‍ ഇടിച്ചത്. ഇതോടെയാണ് സംഘത്തിന്റെ ആസൂത്രണം പൊളിഞ്ഞത്. ഓട്ടോ മറിഞ്ഞതോടെ നോട്ടുകെട്ടുകള്‍ റോഡില്‍ വീണു ഇതോടെ ഓട്ടോയിലുണ്ടായിരുന്ന യുവാക്കള്‍ പണം നിറച്ച ചാക്കുകളുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇത്കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാക്കളെ തടഞ്ഞുവെക്കുകയും പോലീസിനെ വിവര മറിയിക്കുകയുമായിരുന്നു. ഇതിനിടെ കാറിലെത്തിയ ക്വട്ടേഷന്‍ സംഘം ഓട്ടോയുടെ ഡ്രൈവറെയും കടത്തി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നത്രെ. 500 രൂപയുടെ നോട്ടുകളുടെ കെട്ടുകളാക്കിയാണ് ഓട്ടോയില്‍ കൊണ്ടുവന്നത്.

sameeksha-malabarinews

ഓട്ടോയില്‍ കൊണ്ടുവരുന്ന പണം തട്ടിയെടുത്ത് നല്‍കിയാല്‍ 30 ലക്ഷം രൂപ നല്‍കാമെന്നാണ് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കിയതെന്നാണ് വിവരം.
പണം കൊണ്ടുവരുന്ന വഴി ഇവര്‍ക്ക് നേരത്തെ കൈമാറിയിരുന്നു. അതുപ്രകാരമാണ് സ്‌കൂട്ടറില്‍ രണ്ട് പേരും വലിയ പറമ്പ് ഇറക്കത്തിലെത്തി കാത്ത് നിന്നത്. തുടര്‍ന്ന് ഓട്ടോ വന്നതോടെ കൈകാണിച്ച് നിര്‍ത്തിച്ചു. തുടര്‍ന്ന് ഓട്ടോ ഡ്രൈവറെ പുറത്തേക്ക് വലിച്ചിട്ട് ഓട്ടോയുമായി കടക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ് ക്വട്ടേഷന്‍ നല്‍കിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് ഓട്ടോ മറിഞ്ഞത്. ഡ്രൈവറെ പുറത്തിട്ട് ഓട്ടോയുമായി രക്ഷപ്പെടാനും വഴിയില്‍ നിന്ന് കാറില്‍ കയറാനുമായിരുന്നു ഇവര്‍ തമ്മില്‍ ധാരണയുണ്ടായിരുന്നതത്രെ. അപകടം സംഭവിച്ചതോടെ ഇവര്‍ നേരത്തെ തീരുമാനിച്ച കണക്കുകൂട്ടലുകള്‍ പിഴച്ചു. അപകടം സംഭവച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഓട്ടോ ഡ്രൈവറെ കാറില്‍ കയറ്റി സംഘം രക്ഷപ്പെട്ടു. ഇതില്‍ ദുരൂഹതയുള്ളതായി പൊലീസ് കരുതുന്നുണ്ട്.

സംഭവ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ ഡ്രൈവറുടെ സീറ്റിനടിയിലെ പ്രത്യേക അറയില്‍ നിന്നും ചാക്ക് നിറയെ പണം കണ്ടെത്തി.
കോട്ടക്കല്‍ സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍കരീം അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!