മലപ്പുറം:കാടാമ്പുഴയില്‍ പൂര്‍ണഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ശെരീഫ്(42)കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷാ വിധി മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാളെ (ബുധാഴ്ച) പറയും.
2017 മെയ് 22 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാടാമ്പുഴ സ്വദേശിനിയായ ഉമ്മു സല്‍മയും മകന്‍ ദില്‍ഷാദും കൊല്ലപ്പെട്ട കേസിലാണ് വിധി. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഉമ്മുസല്‍മയെയും ഏഴുവയസുള്ള മകനെയുമാണ് കൊലപ്പെടുത്തിയത്. ഉമ്മുസല്‍മ ഭര്‍ത്താവും വീട്ടുകാരുമായി തെറ്റി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളും ഉള്ള പ്രതി ശെരീഫ് ഉമ്മുസല്‍മയുമായി സൗഹൃദത്തിലായി. ഈ ബന്ധത്തില്‍ ഉമ്മുസല്‍മ ഗര്‍ഭിണിയായി. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍കലാശിച്ചത്. ആശുപത്രിയില്‍ തന്നോടൊപ്പം നില്‍ക്കണമെന്നും അല്ലെങ്കില്‍ പ്രതിയുടെ ഭാര്യവീട്ടില്‍ അറിയിച്ച് പ്രശ്‌നമുണ്ടാക്കുമെന്നും ഉമ്മുസല്‍മ ശരീഫിനോട് പറഞ്ഞു. ഇതില്‍ ക്ഷുഭിതനായ പ്രതി ഉമ്മുസല്‍മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.കൊലപാതകം കണ്ട ഉമ്മുസല്‍മയുടെ മകന്‍ ദില്‍ഷാദിനെയും ഷാള്‍ കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നു. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇരുവരുടെയും കൈ ഞരമ്പുകള്‍ മുറിക്കുകയും തുടര്‍ന്ന് വാതില്‍ പൂട്ടി ചാവി വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയുമായിരുന്നു.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ അന്വേഷണ റിപ്പോര്‍ട്ടുമാണ് വഴിത്തിരിവായത്.




