കുണ്ടോട്ടിയില്‍ വന്‍കഞ്ചാവ് വേട്ട; 5 കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: പുളിക്കലില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന അഞ്ചുകിലോ കഞ്ചാവുമായി സ്ത്രീ അടക്കം രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയിലായി. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതികളായ വേങ്ങര ചെള്ളടയില്‍ പുത്തന്‍പീടിയേക്കല്‍ മറ്റാനത്ത് വീട്ടില്‍ പി പി റാഫി(44), പാലക്കാട് വടക്കുന്തറ സ്വദേശി നൂര്‍ജഹാന്‍(71) എന്നിവരാണ് പിടിയിലായത്.

കുറച്ചുദിവസങ്ങളായി എക്‌സൈസ് ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്ന റാഫിയെ പുളിക്കലിനടുത്ത് പെരിയമ്പലത്ത് വെച്ചാണ് ബുധനാഴ്ച വൈകീട്ട് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ഈ സമയത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ നൂര്‍ജഹാനുമുണ്ടായിരുന്നു. നൂര്‍ജഹാനാണ് തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ചത്. നൂര്‍ജഹാന്‍ നേരത്തെയും കഞ്ചാവ് കടത്തിയതിന് കേരളത്തിലും തമിഴ്‌നാട്ടിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലുള്ള സമയത്താണ് റാഫിയുടെ മറ്റൊരു വനിതാ സഹായി മുഖേനെ നൂര്‍ജഹാനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ നിരവധി തവണ റാഫിക്കുവേണ്ടി കഞ്ചാവ് കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. റാഫി ഇപ്പോള്‍ രാമനാട്ടുകര, പുളിക്കല്‍, കുണ്ടോട്ടി ഭാഗങ്ങളില്‍ ഗുഡ്‌സ് ഓട്ടോയില്‍ പഴക്കച്ചവടത്തിന്റെ മറവിലാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നത്.

ഇരുവരെയും ഇന്ന് മലപ്പുറം കോടതിയില്‍ ഹാജരാക്കും.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിനീഷ്, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍മാരായ ടി.ഷിജുമോന്‍, സന്തോഷ് കുമാര്‍, രവീന്ദ്രനാഥ്, ഫ്രാന്‍സിസ് എന്നിവരും മലപ്പുറം റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ മായിന്‍കുട്ടി.വി, കുഞ്ഞിമുഹമ്മദ്, സിഇഒ മാരായ സാജിദ് കെപി, ജിഷ വി, സില്ല,വികെ ഷംസുദ്ദീന്‍, റാഷിദ്, ഡ്രൈവര്‍മാരായ ഉണ്ണികൃഷ്ണന്‍, ശശീന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share news
 • 52
 •  
 •  
 •  
 •  
 •  
 • 52
 •  
 •  
 •  
 •  
 •