മലപ്പുറം കളക്ട്രേറ്റില്‍ സ്‌ഫോടനം: നിമിഷങ്ങള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം

മലപ്പുറം: മലപ്പുറം കളക്ട്രേറ്റില്‍ സ്‌ഫോടനം. നിമിഷങ്ങള്‍ക്കുള്ളില്‍ പൊലീസ്, ഫയര്‍ഫോഴ്‌സ് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, മെഡിക്കല്‍ സംഘം, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. പരിക്കേറ്റ അമ്പതോളം പേരെ താലൂക്ക് ആശുപത്രിയിലെത്തിച്ച് വിദഗ്ദ ചികില്‍സ നല്‍കി. തുടര്‍ന്ന് സ്‌ഫോടന സാധ്യത പരിഗണിച്ച് ബോംബ് സ്‌ക്വാഡ് പരിസര പ്രദേശങ്ങള്‍ അരിച്ചുപൊറുക്കി. ഡോക്റ്റര്‍മാര്‍ ഉള്‍പ്പെടെയുളള മെഡിക്കല്‍ സംഘം സ്ഥലത്തെത്തി. ഫയര്‍ ആന്റ് റസ്‌ക്യൂ സംഘം സ്ഥലത്തെത്തി സ്‌ഫോടന ത്തെത്തുടര്‍ന്നുണ്ടായ തീ സമീപ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ അണച്ചു.

സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ഇതു പോലുളള ദുരന്തങ്ങളുണ്ടായാല്‍ മരണ നിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാനുള്ള മോക്ഡ്രില്ലിന്റെ ഭാഗമായിരുന്നു അപ്രതീക്ഷിത സ്‌ഫോടനവും സുരക്ഷാ പ്രവര്‍ത്തനവും. വിവിധ ആവശ്യങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലെത്തിയവര്‍ ആദ്യം അമ്പരന്നു.

പരിശീലനത്തിന്റെ ഭാഗമായാണ് സ്‌ഫോടനവും സുരക്ഷാ പ്രവര്‍ത്തനവും. ഇത്തരം സാഹചര്യങ്ങളില്‍ പരിഭ്രാന്തരാവാതെ സ്വയം രക്ഷയ്ക്കും മറ്റുള്ളവരെ രക്ഷിക്കാനും ചെയ്യേണ്ട കാര്യങ്ങള്‍ ബോധ്യപ്പെടുത്തുതിനായിരുന്നു പരിശീലനം. ഡെപ്യൂട്ടി കലക്റ്റര്‍ സി അബദുള്‍ റഷീദ്, ഫയര്‍ & റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ബാബു രാജ്,അസിസ്റ്റന്റ് കമാണ്ടന്റ് അബദുല്‍ ജബ്ബാര്‍, ഡെപ്യൂട്ടി ഡി. എം ഒ ഡോ പ്രകാശ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.