മലപ്പുറം ജില്ല യൂത്ത് വോളിബോൾ വൈ. എസ്. എ വള്ളിക്കുന്ന് ചാമ്പ്യന്മാർ

മലപ്പുറം ജില്ല വോളിബോൾ അസോസിയേഷൻ ഡോട്ട്സ് ക്ലബ്ബ് പരപ്പനങ്ങാടിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആൺകുട്ടികളുടെ വിഭാഗം ജില്ല യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ വൈ. എസ്. എ. വള്ളിക്കുന്ന് ഒന്നിന്നെതിരെ മൂന്ന് സെറ്റുകൾക്ക് റൈഡേഴ്സ് വള്ളിക്കുന്നിനെ പരാജയപ്പെടുത്തി ജില്ല ചാമ്പ്യന്മാരായി. സ്കോർ 25-20, 17-25, 25-21,25-21.

പരപ്പനങ്ങാടി നഗരസഭ ചെയർമാൻ ഷാഹുൽ ഹമീദ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. സിഡ്കോ മുൻ ചെയർമാൻ നിയാസ് പുളിക്കലകത്ത് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ജില്ല വോളിബോൾ അസോസിയേഷൻ പ്രസിഡണ്ട് എം. പ്രേംകുമാർ അദ്ധ്യക്ഷനായിരുന്നു. പരപ്പനങ്ങാടി നഗരസഭ മുൻ വൈസ് ചെയർമാൻ എച്ച്. ഹനീഫ , സംസ്ഥാന വനിത ടീം പരിശീലകൻ മുരളീധരൻ പാലാട്ട്, അസോസിയേഷൻ സംസ്ഥാന സമിതി അംഗം കെ.കെ.സുകുമാരൻ, മുൻ കർണ്ണാടക സംസ്ഥാന താരം എം.മോഹൻദാസ്, ജില്ല ട്രഷറർ പി. ഹുസ്സൈയിൻ, വൈസ്പ്രസിഡണ്ട് കെ. ശശിധരൻ എന്നിവർ പ്രസംഗിച്ചു.

അവിഭക്ത കോഴിക്കോട് ജില്ലയിൽ പ്രാദേശിക മത്സരങ്ങളിൽ പങ്കെടുക്കുകയും മലപ്പുറം ജില്ലയിലെ ഏറ്റവും മുതിർന്ന വോളിബോൾ താരമായി ജില്ല വോളിബോൾ അസോസിയേഷൻ ആദരിയ്ക്കുകയും ചെയ്ത സി. ബി. ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കൂടിയായ എ.പി. ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ പ്രണാമമർപ്പിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.

സമാപന ചടങ്ങിൽ സംസ്ഥാന വോളിബോൾ അസോസിയേഷൻ ജോയൻ്റ് സെക്രട്ടറി ബാബു പാലാട്ട് വിജയികൾക്കും ഡോട്ട്സ് ക്ലബ്ബ് പ്രസിഡണ്ട് ടി.പി. കുഞ്ഞിക്കോയ റണ്ണേഴ്സിനുമുള്ള ട്രോഫികൾ സമ്മാനിച്ചു. പരപ്പനങ്ങാടി ഡോട്ട്സ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ പകലും രാത്രയിലുമായായിരുന്നു ചാമ്പ്യൻഷിപ്പ് നടന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top