മലപ്പുറം ജില്ല പഞ്ചായത്തിന് 11.99 കോടി രൂപയുടെ മിച്ച ബജറ്റ്, കാര്‍ഷിക- വിദ്യാഭ്യാസ- സാമൂഹ്യ ക്ഷേമ മേഖലകള്‍ക്ക് മുന്‍ഗണന

HIGHLIGHTS : Malappuram District Panchayat has a surplus budget of Rs. 11.99 crore, priority is given to agriculture, education and social welfare sectors

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ നാലാമത്തേതും മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നിലവിലുള്ള ഭരണസമിതിയുടെ അവസാനത്തേതുമായ 2025- 26 വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അവതരിപ്പിച്ചു. പ്രസിഡണ്ട് എം കെ റഫീഖ അധ്യക്ഷത വഹിച്ചു.

234.11 കോടി രൂപ വരവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. 222.21 കോടി രൂപ ചെലവും 11.99 കോടി മിച്ചവും കണക്കാക്കുന്നു. വരവില്‍ വികസന ഫണ്ട് 11.29 കോടിയും നഗരസഞ്ചയ പദ്ധതിയില്‍ 34.94 കോടിയും മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ 37.79 കോടിയും സംസ്ഥാനാവിഷ്‌കൃത ഫണ്ടും കേന്ദ്രാവിഷ്‌കൃത ഫണ്ടും 50 ലക്ഷം വീതവും തനതു ഫണ്ടായി 47.41 ലക്ഷം രൂപയുമാണ് കണക്കാക്കിയത്.

sameeksha-malabarinews

ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രത്യക്ഷമയോ പരോക്ഷമായോ ഗുണം ലഭിക്കുന്ന പദ്ധതികളാണ് ബജറ്റിന്റെ പ്രത്യേകത. കാര്‍ഷിക മേഖലയുടെ നിലവിലുള്ള അവസ്ഥ വിശകലനം ചെയ്തും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും തൊഴില്‍ സാധ്യതകളും വിപണന സാധ്യതകളും വര്‍ധിപ്പിക്കുന്ന വിധത്തിലുമുള്ള പദ്ധതികളാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്.

വിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സിനു പ്രാധാന്യം കൊടുക്കുന്നതും വിദ്യാഭ്യാസ മേഖലയുടെ ആധുനിക വല്‍ക്കരണത്തിനുമാണ് ലക്ഷ്യമിടുന്നത്.
അടുത്ത വര്‍ഷത്തെ റമസാന്‍ സീസണില്‍ ജില്ലയിലേക്കാവശ്യമായ വത്തക്ക മുഴുവന്‍ ഓര്‍ഗാനിക് രീതിയില്‍ കൃഷി ചെയ്ത് ന്യായ വിലക്ക് വിപണനം ചെയ്യുന്നതിനും, രാസ വസ്തുക്കള്‍ പ്രയോഗിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വത്തക്ക ഒഴിവാക്കുന്നതിനും ഈ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമുള്ള ‘മധുരം മലപ്പുറം – വിഷ രഹിത ഇഫ്താര്‍’, കാര്‍ഷിക മുന്നേറ്റത്തിനും ഈ മേഖലയിലെ സമഗ്ര മുന്നേറ്റത്തിനുമായി പ്രവാസി സഹകരണ സംഘങ്ങളെ കൂട്ടി യോജിപ്പിച്ചു കൊണ്ടുള്ള ‘മരുപ്പച്ച ‘ പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍മ്മിത ബുദ്ധിയില്‍ പ്രോത്സാഹനം, ചങ്ങാത്തം ആത്മഹത്യാ രഹിത ലോകം പദ്ധതി, പ്രവാസി സംരംഭകര്‍ക്കായി വേള്‍ഡ് എന്റര്‍പ്രണര്‍ പാര്‍ക്ക്, കാലാവസ്ഥാ വ്യതിയാനാവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാലേ കൂട്ടി നേരിടുന്നതിനായി നെറ്റ് സീറോ മലപ്പുറം പദ്ധതി, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വാന നിരീക്ഷണ കേന്ദ്രം തുടങ്ങിയവ പുതിയ ബജറ്റിലെ ശ്രദ്ധേയമായ പദ്ധതികളാണ്.

ഉള്‍പ്പാദന മേഖലക്ക് 15 കോടി, മൃഗ സംരക്ഷണവും ക്ഷീരോല്‍പ്പാദനവും പരിപോഷിപ്പിക്കുന്നതിന് 2.5 കോടി, മത്സ്യ കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് 2.5 കോടി, കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിന് 6 കോടി, വിദ്യാഭ്യാസ മേഖലയുടെ ആധുനിക വല്‍ക്കരണത്തിന് 20 കോടി, ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന ആരോഗ്യമുള്ള മലപ്പുറം സമഗ്ര പദ്ധതിക്ക് 15 കോടി, തിരൂര്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രികളില്‍ പുതിയ മോര്‍ച്ചറികള്‍ സ്ഥാപിക്കുന്നതിനും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 7 കോടി, വനിതാ ശാക്തീകരണത്തിന് 10 കോടി, ബാല സൗഹൃദ ജില്ലാ പദ്ധതിക്കായി 50 ലക്ഷം, ഭിന്നശേഷി സൗഹൃദ ജില്ലാ പദ്ധതിക്കായി 10 കോടി, സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി, വയോജന ക്ഷേമ പദ്ധതികള്‍ക്കായി 5 കോടി, മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കായി 8 കോടി, കലാ സാംസ്‌കാരിക പൈതൃക മേഖലയുടെ പുരോഗമന പ്രവര്‍ത്തഞങ്ങള്‍ക്ക് 3 കോടി, മലപ്പുറത്തിന്റെ പാചക നൈപുണ്യം അന്തര്‍ ദേശീയ തലത്തില്‍ എത്തിക്കുന്നതിനു ഭക്ഷ്യ മേള നടത്തുന്നതിന് 10 ലക്ഷം, ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ചെറുപ്പക്കാര്‍ക്കിടയിലുമുള്ള ലഹരി വ്യാപനം തടയുന്നതിനുള്ള സമഗ്ര പദ്ധതിക്ക് 50 ലക്ഷം, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്റെ സ്മരണാര്‍ത്ഥം പുന്നപ്പാല ക്ഷേത്രത്തില്‍ കവാടവും ഊട്ടു പുരയും നിര്‍മ്മിക്കുന്നതിന് 75 ലക്ഷം, സര്‍ക്കാര്‍ സര്‍വേ പ്രകാരം കണ്ടെത്തിയ അതി ദരിദ്ര വിഭാഗത്തില്‍ പെട്ട ഭൂരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് വെക്കുന്നതിനു സ്ഥലം വാങ്ങി നല്‍കുന്നതിന് 10 കോടി, ഫിഷറീസ് മേഖലയുമായി ബന്ധപ്പെട്ട സ്‌നേഹ തീരം എക്‌സിബിഷന് 10 ലക്ഷം, ജില്ലാ പഞ്ചായത്തിന് കീഴിലെ റോഡുകളുടെ നവീകരണത്തിന് 10 കോടി, പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സമഗ്ര പദ്ധതികള്‍ക്കായി 26 കോടി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുടെ സമഗ്ര പദ്ധതിക്ക് 2 കോടി എന്നിങ്ങനെയാണ് പ്രധാന വകയിരുത്തലുകള്‍.

ആശാ പ്രവര്‍ത്തകര്‍ക്ക് അധിക ഹോണറേറിയവും യൂണിഫോമും നല്‍കുന്നതിന് 1 കോടി രൂപ, ഗോത്ര വര്‍ഗ്ഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് അധിക വേതനം നല്‍കുന്നതിന് 25 ലക്ഷം രൂപയും വകയിരുത്തി.

നേരത്തെ പ്രഖ്യാപിച്ചിരുന്ന വാരിയകുന്നന്‍ സ്മാരകം, പൂക്കോട്ടൂര്‍ യുദ്ധ സ്മാരകം എന്നിവക്കായി 2.5 കോടി വീതം, വനിതകള്‍ക്ക് സൗജന്യ ബസ് സര്‍വിസിന് 50 ലക്ഷം, ട്രാന്‍സ് ജെന്‍സേഴ്‌സിന്റെ നവോത്ഥാനത്തിനും പുനരധിവാസത്തിനുമായി 50 ലക്ഷം, ഹജ്ജ് യാത്രക്കാര്‍ക്കുള്ള സൗജന്യ മരുന്ന് വിതരണത്തിന് 10 ലക്ഷം, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പേ വാര്‍ഡിന് 5 കോടി, ആഗോള നിക്ഷേപ സംഗമത്തിന് 50 ലക്ഷം, ആരോഗ്യ മേഖലയില്‍ നടപ്പിലാക്കുന്ന ജീവിത ശൈലീ രോഗ വിമുക്ത ജില്ലാ പദ്ധതിക്കായി 25 ലക്ഷം എന്നിങ്ങനെയും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സറീന ഹസീബ്, എന്‍.എ.കരീം, ആലിപ്പറ്റ ജമീല, നസീബ അസീസ്, അംഗങ്ങളായ അഡ്വ. പി.വി.മനാഫ്, കെ.ടി.അഷ്റഫ്, ഫൈസല്‍ എടശ്ശേരി, അഡ്വ. പി.പി.മോഹന്‍ദാസ്, വി.കെ.എം.ഷാഫി, ഇ.അഫ്‌സല്‍, അഡ്വ. ഷെറോണ സാറ റോയ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!