മലബാര്‍ റിവര്‍ ഫെസ്റ്റ്: സബ് കമ്മിറ്റികള്‍ രൂപീകരിച്ചു

HIGHLIGHTS : Malabar River Fest: Sub-committees formed

cite

കോഴിക്കോട്: ജൂലൈ 24 മുതല്‍ 27 വരെ തുഷാരഗിരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് പതിനൊന്നാം പതിപ്പിന്റെ സബ് കമ്മിറ്റി രൂപീകരണ യോഗം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ കോടഞ്ചേരി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ഫെസ്റ്റില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താന്‍ പ്രീ ഇവന്റുകളിലൂടെ വലിയ രീതിയില്‍ പ്രചാരണം നടത്തണമെന്നും മുന്‍ വര്‍ഷങ്ങളേക്കാള്‍ മികച്ച രീതിയില്‍ പരിപാടി സംഘടിപ്പിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. പരിപാടിയുടെ നടത്തിപ്പിന് 13 സബ് കമ്മിറ്റികളാണ് രൂപീകരിച്ചത്.

ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും മുക്കം നഗരസഭയിലും സാഹസിക, കായിക, വിനോദ മത്സരങ്ങള്‍ സംഘടിപ്പിക്കും. മഴനടത്തം, നീന്തല്‍ മത്സരങ്ങള്‍, മഡ് ഫുട്ബോള്‍, ഫാം ടൂറിസം യാത്രകള്‍, കൈറ്റ് ഫെസ്റ്റ്, കബഡി, ഷട്ടില്‍, വോളിബാള്‍ എന്നിവ വിവിധ പഞ്ചായത്തുകളില്‍ നടക്കും. ജൂലൈ 20ന് മുമ്പ് മുഴുവന്‍ പ്രീ ഇവന്റുകളും പൂര്‍ത്തിയാക്കും.
പ്രാദേശിക കയാക്കിങ് പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേകം മത്സരങ്ങള്‍ നടത്താനും റിവര്‍ ഫെസ്റ്റിന്റെ നടത്തിപ്പിനുള്ള ചെലവ് കണ്ടെത്തുന്നതിന് സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. വിവിധ വകുപ്പുകള്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.

ജൂലൈ 24ന് ദേശീയ സെലക്ഷന്‍ ട്രയല്‍സും ഫെസ്റ്റിന്റെ ഭാഗമായി നടക്കും. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്ന കയാക്കര്‍മാര്‍ക്ക് താമസസൗകര്യം ഒരുക്കാനും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മത്സരങ്ങള്‍ സുരക്ഷിതമായി നടത്താന്‍ സിവില്‍ ഡിഫന്‍സ് ഫോഴ്സിനും വോളന്റിയര്‍മാര്‍ക്കും പരിശീലനം നല്‍കാനും അപകടങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കാനും തീരുമാനിച്ചു.

യോഗത്തില്‍ മുക്കം നഗരസഭ ചെയര്‍മാന്‍ പി ടി ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ അലക്സ് തോമസ് ചെമ്പകശ്ശേരി, ആദര്‍ശ് ജോസഫ്, ബിന്ദു ജോണ്‍സണ്‍, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, ടൂറിസം ജോയന്റ് ഡയറക്ടര്‍ ഗിരീഷ് കുമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!