പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസിയായ മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിന തടവും ഒരാള്‍ക്കു മൂന്നു മാസം തടവുശിക്ഷയും വിധിച്ചു. മണ്ണാര്‍ക്കാട് എസ്‌സി എസ്ടി പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ്കുമാറാണ് ശിക്ഷ വിധിച്ചത്. മനഃപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് ശിക്ഷ. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മറ്റു പ്രതികൾക്ക് ഒരു ലക്ഷത്തി പതിനായിരം രൂപയും പിഴ വിധിച്ചു.പതിനാറാം പ്രതി മുനീറിന് മൂന്നു മാസം തടവാണ് വിധിച്ചതെങ്കിലും ഇതിനകം അനുഭവിച്ചു തീര്‍ത്തതിനാല്‍, 500 രൂപ പിഴയൊടുക്കി മോചിതനാവാം. രണ്ടുപേരെ വെറുതെ വിട്ടിരുന്നു. പ്രതികളെ തവന്നൂർ സെനട്രൽ ജയിലിലേക്ക് മാറ്റും.കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടിക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്. വിചാരണ വേളയിൽ 24 പേരാണ് കൂറുമാറിയത്.
ഒന്നാം പ്രതി പാക്കുളം താവളം മേച്ചേരിയിൽ ഹുസൈൻ (54), മറ്റു പ്രതികളായ കള്ളമല മുക്കാലി കിളയിൽ മരക്കാർ (37), പൊതുവച്ചോല ഷംസുദ്ദീൻ (37), മുക്കാലി തഴുശേരി രാധാകൃഷ്ണൻ (38), തെങ്കര പള്ളിപ്പടി പൊതുവച്ചോല അബൂബക്കർ (35), മുക്കാലി പള്ളക്കുരിക്കൽ സിദ്ദീഖ് (42), തൊട്ടിയിൽ ഉബൈദ് (29), വിരുത്തിയിൽ നജീബ് (37), മണ്ണമ്പറ്റ ജൈജു മോൻ (48), മുക്കാലി കൊട്ടിയൂർക്കുന്ന് പുത്തൻപുരയ്ക്കൽ സജീവ് (34), മുറിയക്കട സതീഷ് (43), ചെരിവിൽ ഹരീഷ് (38), ചെരുവിൽ ബിജു (41), വിരുത്തിയിൽ മുനീർ (32) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
നാലാം പ്രതി കൽകണ്ടി കക്കുപ്പടിക്കുന്നത്ത് അനീഷ് (34), പതിനൊന്നാം പ്രതി മുക്കാലി ചോലയിൽ അബ്ദുൾ കരീം (52) എന്നിവരെയാണ് വെറുതേവിട്ടത്.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു.
കൂറുമാറിയ വനം വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിനിടെ കൂറുമാറിയ സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധക്കുക എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവത്തിനും മണ്ണാര്‍ക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി. പ്രോസിക്യൂട്ടര്‍മാര്‍ മാറി മാറിയെത്തിയ കേസ് പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. മാര്‍ച്ച് പത്തിന് കേസിന്റെ അന്തിമവാദം പൂര്‍ത്തിയായിരുന്നു. 18 ന് വിധി പറയും എന്നായിരുന്നു ആദ്യം കോടതി അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തടസങ്ങളാല്‍ കേസിലെ വിധി പ്രഖ്യാപനം ഏപ്രില്‍ നാലിലേക്ക് മാറ്റുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




