മാന്‍ഡലിന്‍ വിദഗ്ദ്ധന്‍ ശ്രീനിവാസ് വിടവാങ്ങി

Untitled-1 copyചെന്നൈ: മാന്‍ഡലിന്‍ വാദകന്‍ ശ്രീനിവാസ് (45) അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ ചെന്നൈയില്‍ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
1969 ഫെബ്രുവരി 28 ന് ആന്ധ്രപ്രദേശിലെ പാലക്കോളില്‍ ജനച്ച ശ്രീനിവാസ് തന്റെ ആറാമത്തെ വയസ്സില്‍ കര്‍ണ്ണാടക സംഗീതത്തില്‍ താല്‍പ്പര്യം കാണിക്കുകയും തുടര്‍ന്ന് കര്‍ണ്ണാടക സംഗീത വാസന മാന്‍ഡലിനിലേക്ക് സന്നിവേശിപ്പിച്ചതോടെ അവിടെ ഒരു ചരിത്രം കൂടി പിറക്കുകയായിരുന്നു. ചെമ്പൈയുടെ ശിഷ്യന്‍ സുബ്ബരാജുവില്‍ നിന്ന് സംഗീത സപര്യയുടെ പ്രാഥമിക പാഠങ്ങള്‍ പഠിച്ച ഇദ്ദേഹം ഒമ്പതാം വയസില്‍ ആന്ധ്രയിലെ ഗുഡിലാഡയില്‍ മാന്‍ഡലിന്‍ കച്ചേരി നടത്തി സംഗീത ലോകത്തിലേക്കുള്ള തന്റെ വരവ് അറിയിച്ചു. ഇതോടെ ആയിരത്തിലധികം വേദികളില്‍ മാന്ത്രിക വിരലുകളാല്‍ മാന്‍ഡലിനില്‍ വിസ്മയം തീര്‍ക്കാന്‍ ശ്രീനിവാസിന് കഴിഞ്ഞു. സാമ്പത്തിക ക്ലേശത്തില്‍ പെട്ട് പഠിക്കാന്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് വിതരണത്തോടും, അഗതികള്‍ക്കുള്ള അന്നദാനത്തോടും കൂടിയായിരുന്നു തന്റെ സംഗീത ജീവിതത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചത്.

പ്രശസ്തിയും, പദവിയും, ബഹുമാനവും കൈവന്നിട്ടും വിനയത്തിന്റെയും, പ്രതിഭയുടെയും അപൂര്‍വ്വ സംഗമമായി ശ്രീനിവാസ് ലോകത്തിന് വിസ്മയമായയി മാറി. അതുകൊണ്ട് തന്നെ 1998 ല്‍ പത്മശ്രീയും, 2010 ല്‍ സംഗീതനാടക അക്കാദമി അവര്‍ഡും നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു. ശ്രീനിവാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേള്‍ഡ് മ്യൂസിക് എന്ന സ്ഥാപനം നടത്തിവരുന്നുണ്ട്. അച്ഛന്‍ സത്യനാരായണന്‍, മാന്‍ഡലിന്‍ വാദകന്‍ യു രാജേഷ് സഹോദരനാണ്.

Share news
error: Content is protected !!
Scroll to Top