സ്പീക്കര്‍ക്കെതിരായ പ്രമേയം എം ഉമ്മര്‍ എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ചു

തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ അവിശ്വാസ പ്രമേയം ലീഗ് എംഎല്‍എ എം.ഉമ്മര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും പ്രതികള്‍ക്കൊപ്പം ഉദ്ഘാടന വേദി പങ്കിട്ടു തുടങ്ങിയ ആരോപണങ്ങളാണ് സ്പീക്കര്‍ക്കെതിരെ ഉന്നയിച്ചത്.

സഭയുടെ നടത്തിപ്പിലും ക്രമക്കേടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.പ്രതിയുമായി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് അപകീര്‍ത്തികരമാണെന്നും സ്പീക്കറെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും പ്രമേയത്തില്‍ പറയുന്നു.

അതേസമയം സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനിടെ ഭരണപക്ഷത്ത് നിന്ന് എസ് ശര്‍മ്മ പ്രമേയത്തിനെതിരെ തടസ്സവാദം ഉന്നയിച്ചു.

സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന പ്രമേയം ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും നോക്കിക്കൊണ്ടുള്ളതാകണം.ആരുടെയും രാഷ്ട്രീയ താത്പര്യം പരിഗണിച്ചുകൊണ്ട് ചെയ്യുന്നത് അനുവദനീയമല്ലെന്ന് എസ് ശര്‍മ്മ തടസ്സവാദം ഉന്നയിച്ചു.

ഡോളര്‍ക്കടത്ത്, സഭ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അവിശ്വാസ പ്രമേയം നല്‍കിയത്.

Share news
error: Content is protected !!
Scroll to Top