ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ഇന്ന് 2 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ തന്നെ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.

ന്യൂനമര്‍ദ്ദനത്തിന്റെ സ്വാധീനഫലമായി ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ഇന്ന് തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്ന് തീവ്ര ന്യൂനമര്‍ദ്ദമായി ശനിയാഴ്ചയോടെ ആന്ധ്രാ ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍കടലിനു പുറമെ പടിഞ്ഞാറന്‍ പാസഫിക് സമുദ്രത്തിലും ചുഴലിക്കാറ്റുകള്‍ സജീവമാണ്. ഇതും വരും ദിവസങ്ങളില്‍ മഴയെ സ്വാധീനിക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top