ന്യൂഡല്‍ഹി: ഡില്‍ഹിയിലെ സാഗര്‍പൂരില്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം യുവതിയുടെ ബന്ധുക്കള്‍ മുറിച്ചുമാറ്റിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും അഡീഷണല്‍ ഡിസിപി പ്രശാന്ത് ഗൗതം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹി രാജഗൗരി ഗാര്‍ഡനിലാണ് സംഭവം. സാഗര്‍പുര്‍ സ്വദേശിയായ യുവാവും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തു. ബുധനാഴ്ച രാജഗൗരി ഗാര്‍ഡന്‍ പോലീസ് സ്‌റ്റേഷനില്‍ മൊഴി രേഖപ്പെടുത്താന്‍ പോയ ഇവരെ പോലീസ് സ്‌റ്റേഷന് പുറത്ത് നിന്ന് യുവതിയുടെ ബന്ധുക്കള്‍ അവരുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് ആക്രമിക്കപ്പെട്ട യുവാവ് പറയുന്നു.
വീട്ടിലേക്ക് കൊണ്ടുപോയതിനുശേഷം പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും അമ്മാവനും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം മുറിച്ചെന്നുമാണ് പരാതി. യുവാവ് നിലവില്‍ ഡല്‍ഹിയിലെ എയിംസ് ട്രോമ സെന്റ്‌ററില്‍ ചികിത്സയിലാണ്.
കൊലപാതക ശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.



