ലോറി മരത്തിലിടിച്ച് അപകടം; ക്യാബിനില്‍ ഡ്രൈവര്‍ കുടുങ്ങി, മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി

മലപ്പുറം: നിയന്ത്രണം വിട്ടു മരത്തിലിടിച്ച ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ മലപ്പുറം ചട്ടിപ്പറമ്പ് റോഡില്‍ പി കെ പടിയിലാണ് അപകടമുണ്ടായത്. മലപ്പുറം അഗ്‌നിരക്ഷസേന ഉദ്യോഗസ്ഥര്‍ എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

ഇരുചക്ര വാഹനക്കാരനെ ഇടിക്കാതിരിക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് മിനിലോറി നിയന്ത്രണം വിട്ടു മരത്തില്‍ ഇടിച്ചത്. ലോറിയുടെ ഇടതുഭാഗം മരത്തില്‍ ഇടിച്ചതോടെ ലോറിയില്‍ ഉണ്ടായിരുന്ന അറവങ്കര ന്യൂ ബസാര്‍ സ്വദേശി നിസാറിന്റെ ഇരുകാലുകളും ക്യാബിനില്‍ കുടുങ്ങുകയായിരുന്നു.

ശബ്ദം കേട്ട് സ്ഥലത്ത് എത്തിയ ആളുകള്‍ ഡ്രൈവറെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് മലപ്പുറം അഗ്‌നിരക്ഷസേന ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു. സേനാംഗങ്ങള്‍ സംഭവസ്ഥലത്ത് എത്തി ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. സേന അംഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

കാലിനു ഗുരുതരമായ പരിക്കേറ്റ നിസാറിനെ അഗ്നിരക്ഷ സേനയുടെ ആംബുലന്‍സില്‍ മലപ്പുറം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. സ്റ്റേഷന്‍ ഓഫീസര്‍ ഇ കെ അബ്ദുല്‍ സലീമിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ എസ് ലെനിന്‍, ഫയര്‍ ഓഫീസര്‍മാരായ കെ അഫ്‌സല്‍, കെ സി മുഹമ്മദ് ഫാരിസ്, വി വിപിന്‍, കെ പി ജിഷ്ണു, ഫയര്‍ ഡ്രൈവര്‍ പി അഭിലാഷ്, ഫസലുള്ള ഹോം ഗാര്‍ഡ് കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top