ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദിവാസി കോളനികളില്‍ വോട്ടര്‍ ബോധവല്‍ക്കരണവുമായി ജില്ലാ കളക്ടര്‍, വനമേഖലയിലെ ബൂത്തുകള്‍ സന്ദര്‍ശിച്ചു

ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലമ്പൂര്‍ മേഖലയിലെ വിവിധ ആദിവാസി കോളനികളില്‍ വോട്ടര്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുമായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിന്റെയും ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്റെയും സന്ദര്‍ശനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സ്വീപ്’ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടറും സംഘവും കോളനികളിലെത്തിയത്. വനമേഖലയില്‍ ഒരുക്കുന്ന പോളിംഗ് ബൂത്തുകളുടെ സൗകര്യങ്ങളും സംഘം നേരില്‍ പരിശോധിച്ച് വിലയിരുത്തി.

മുണ്ടേരി വാണിയമ്പുഴ ഇരുട്ടുകുത്തിയിലുള്ള മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ പോളിംഗ് ബൂത്ത്, വനത്തിനുള്ളിലെ തരിപ്പപ്പൊട്ടി കോളനി എന്നിവ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ഒന്നിച്ചാണ് സന്ദര്‍ശനം നടത്തിയത്. ഇവിടെ ആദിവാസി ഊരുകളിലെ വോട്ടര്‍മാര്‍ക്ക് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുകയും വോട്ട് ചെയ്ത് പരിശീലിപ്പിക്കുകയും ചെയ്തു. 237 വോട്ടര്‍മാരാണ് ഈ ബൂത്തിലുള്ളത്. തുടര്‍ന്ന് സമീപത്തെ കുമ്പളപ്പാറ കോളനിയിലും വഴിക്കടവ് ആനമറിയിലെ പുഞ്ചക്കൊല്ലി കോളനിയിലും കളക്ടര്‍ എത്തി ആദിവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും വോട്ടെടുപ്പുമായി ബന്ധപ്പെട്ട ബോധവത്ക്കരണം നടത്തുകയും ചെയ്തു. വോട്ടിംഗ് യന്ത്രത്തിന്റെ ബാലറ്റ് യൂണിറ്റും വി.വി. പാറ്റും കളക്ടര്‍ തന്നെ പരിചയപെടുത്തുകയും അവരെക്കൊണ്ട് വോട്ട് ചെയ്യിക്കുകയും ചെയ്തു. എല്ലാവരും വോട്ടുചെയ്യണമെന്നും പട്ടികയില്‍ പേരുണ്ടെന്നും തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.

പുഞ്ചക്കൊല്ലി കോളനിയിലെ പട്ടിക വര്‍ഗ വകുപ്പിന്റെ മോഡല്‍ പ്രീ സ്‌കൂളില്‍ ഒരുക്കുന്ന പോളിംഗ് ബൂത്തിലെ സൗകര്യങ്ങളും കളക്ടര്‍ പരിശോധിച്ചു. പുഞ്ചക്കൊല്ലി, അളക്കല്‍ കോളനികളിലെ 222 വോട്ടര്‍മാരാണ് ഈ ബുത്തിലുള്ളത്. പുന്നപ്പുഴ മുറിച്ച് കടന്നാണ് കളക്ടര്‍ കോളനിയില്‍ എത്തിയത്. ഇവിടെ പ്രളയത്തില്‍ തകര്‍ന്ന പാലവും പരിശോധിച്ചു. വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്റെ അങ്കണത്തില്‍ നബാര്‍ഡും ജെ. എസ്. എന്നും ചേര്‍ന്ന് ഒരുക്കിയ ആദിവാസി വികസന പദ്ധതി ശില്പശാലയിലും കളക്ടര്‍ പങ്കെടുത്ത് സംസാരിക്കുകയും ആദിവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കുമ്പളപ്പാറ കോളനിയില്‍ ഉത്സവ ദിനമായിരുന്നതിനാല്‍ അവരുടെ ആഘോഷ പരിപാടികളും വട്ടക്കളി ഉള്‍പ്പെടെ കലാപരിപാടികളും കളക്ടര്‍ വീക്ഷിച്ചു.

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, നിലമ്പൂര്‍ താലൂക്ക് തഹസില്‍ദാര്‍ ഇ.എന്‍. രാജു, ഐ.ടി.ഡി.പി അസി. പ്രോജക്ട് ഓഫീസര്‍ ബി.സി. അയ്യപ്പന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.ടി ഉസ്മാന്‍, റവന്യൂ, ഇലക്ഷന്‍, പൊലീസ്, വനം, പി. ആര്‍.ഡി, പട്ടികവര്‍ഗ വകുപ്പുകളിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top