വാൽപ്പാറ അപകടം; മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി, അമ്പലപ്പറമ്പ് സ്കൂളിൽ പൊതുദര്‍ശനം

പൊള്ളാച്ചി: കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച 9 പേരുടെയും പോസ്റ്റ്‌മോർട്ടം പൊള്ളാച്ചി ആശുപത്രിയിൽ പൂർത്തിയാക്കി. അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്. രാവിലെ ആറേകാലോടെ പൊള്ളാച്ചിയിൽ നിന്ന് മൃതദേഹങ്ങളുമായി 9 ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ 9 മണി മുതല്‍ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പൊതുദര്‍ശനം. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഒരുമണിക്കൂര്‍ നേരമാണ് അവിടെ പൊതുദര്‍ശനം ഉണ്ടാകുക. അതിന് ശേഷമാകും സംസ്കാര ചടങ്ങുകള്‍ നടക്കുക..

പ്രധാന അധ്യാപിക പുലാമന്തോള്‍ സ്വദേശി അജിതയുടെ സംസ്‌കാരം ഷൊര്‍ണൂര്‍ ശാന്തി തീരത്ത് നടക്കും. ആശയുടെ സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും. മജീദ്, ഭാര്യ റുഖിയ എന്നിവരുടെ ഖബറടക്കം മാട്ടാത്ത് മഹല്ലിലും റംല, സാജിദ, ഷക്കീല എന്നിവരുടെ ഖബറടക്കം പാങ്ങ് ജുമാ മസ്ജിദിലും നടക്കും. സുഹറ, മകന്‍ ഹിഷാം എന്നിവരുടെ ഖബറടക്കം ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം 5.20 ന് ആണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.

അപകടത്തിൽപ്പെട്ട വാനിന്‍റെ ഡ്രൈവർ മുഹമ്മദ് ഹാഫിസ് അടക്കം മൂന്നു പേർ ഗുരുതര പരിക്കോടെ കോയമ്പത്തൂർ ഗവ.മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ച സാജിതയുടെ മകൻ ഷഹദീൻ(11), വാഹനത്തിന്റെ ഡ്രൈവർ മുഹമ്മദ് ഹാഫിസ് (22), സ്‌കൂളിലെ ഡ്രൈവർ നൗഷാദ് (39) എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇവരെ കൂടാതെ അപകടത്തിൽ നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്‌നീൻ എന്ന കുട്ടിയെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top