തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പെരുമാറ്റ ചട്ടങ്ങള്‍ക്ക് അനുസരിച്ചായിരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, ഇരു സര്‍ക്കാരുകളുടെയും സംയുക്ത സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, സഹകരണ സൊസൈറ്റികള്‍, സ്വയംഭരണ ജില്ലാ കൗണ്‍സിലുകള്‍, പൊതുനിക്ഷേപമുള്ള സ്ഥാപനങ്ങള്‍, പ്രതിരോധ വകുപ്പ്, കേന്ദ്ര പോലീസ് സേന എന്നിവയുടെയെല്ലാം വാഹനങ്ങള്‍ ഔദ്യോഗിക വാഹനങ്ങളുടെ ഗണത്തില്‍പെടും.
കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ക്ക് സ്വകാര്യ സന്ദര്‍ശനങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. അത്തരം സന്ദര്‍ശനങ്ങളില്‍ മന്ത്രിയുടെ ഔദ്യോഗിക പേഴ്സണല്‍ സ്റ്റാഫ് അനുഗമിക്കാന്‍ പാടില്ല. എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ പൊതുതാത്പര്യാര്‍ത്ഥം ഔദ്യോഗിക യാത്ര വേണ്ടിവന്നാല്‍ സര്‍ക്കാര്‍ വാഹനം മന്ത്രിക്ക് ഉപയോഗിക്കാം.

മന്ത്രി ഇത്തരം യാത്ര നടത്തുമ്പോള്‍ വകുപ്പ് സെക്രട്ടറി ഇതുസംബന്ധിച്ച കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നല്‍കണം. ഇതിന്റെ പകര്‍പ്പ് ഇലക്ഷന്‍ കമ്മീഷനും ലഭ്യമാക്കണം. ഇത്തരം യാത്രയ്ക്കിടെ രാഷ്ട്രീയ പരിപാടികളിലോ തിരഞ്ഞെടുപ്പ് പരിപാടികളിലോ പങ്കെടുക്കരുത്. സംസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ നടത്തുന്ന ഇത്തരം യാത്രകള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മുഖേന കമ്മീഷന്‍ നിരീക്ഷിക്കും.

Related Articles