ബസ്സുകള്‍ ഏപ്രില്‍ 18ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റാം

malappuram

മലപ്പുറം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ബസ്സുകളടക്കമുള്ള പ്രൈവറ്റ് സ്റ്റേജ് ക്യാരേജുകള്‍ക്ക് പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് നിബന്ധനകള്‍ക്ക് വിധേമായി മാറ്റമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വിവിധ ബസ് ഉടമസ്ഥ സംഘടനകള്‍ ജില്ലാകലക്ടര്‍ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

ഏപ്രില്‍ 18ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് നാല് വരെയാണ് പ്രൈവറ്റ് സ്റ്റേജ് ക്യാരേജുകള്‍ക്ക് മാറ്റി പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ളത്. യാത്ര സമയത്ത് പൊതുജനങ്ങളെ വാഹനത്തില്‍ കയറ്റുവാനോ ഒരു വാഹനത്തില്‍ മൂന്നില്‍ കൂടുതല്‍ ജീവനക്കാരോ പാടുള്ളതല്ല. ജീവനക്കാര്‍ യാത്ര സമയത്ത് നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ബസുകളിലും വര്‍ക്ക് ഷോപ്പുകളിലും മറ്റ് പൊതു ഇടങ്ങളിലും ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കണം.

യാത്ര ആരംഭിക്കുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും പരാമര്‍ശിച്ചിട്ടുള്ള ഉടമസ്ഥന്റെ/ കൈവശക്കാരന്റെ ഒരു സത്യവാങ്മൂലം യാത്രയിലുടനീളം സൂക്ഷിക്കണമെന്നും ജില്ലാകലക്ടര്‍ നിര്‍ദേശിച്ചു. നിബന്ധനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പിനും പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top