HIGHLIGHTS : Local government elections; Enforcement squad; 550 kg of banned flux seized
കോഴിക്കോട്:ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടം കർശനമാക്കുന്നതിൻ്റെ ഭാഗമായി എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ പരിശോധന തുടരുന്നു. വൻകിട പ്രിന്റിങ് മറ്റീരിയൽ വില്പനശാലകളിൽ ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ 550 കിലോ നിരോധിത ഫ്ലക്സ് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. രണ്ട് ദിവസങ്ങളിലായി കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഒരു ടൺ നിരോധിത ഫ്ലക്സാണ് പിടിച്ചെടുത്തത്.
തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. പരിശോധനയിൽ ഇൻ്റേണൽ വിജിലൻസ് ഓഫീസർ എ എൻ അഭിലാഷ്, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോഓഡിനേറ്റർ വി. ഡസ്നി, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ സതീഷ് ബാബു, ഡി ആർ രജനി എന്നിവർ പങ്കെടുത്തു.
നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത സ്ഥാപന ഉടമക്ക് നോട്ടീസ് നൽകി. പിഴ ചുമത്തുന്നതിനായി പിടിച്ചെടുത്ത വസ്തുക്കൾ കോർപറേഷന് കൈമാറി.
പരിശോധന വരുംദിവസങ്ങളിൽ തുടരും.

