HIGHLIGHTS : Local bodies that achieve complete integration will be specially recognized: Minister Veena George
തിരുവനന്തപുരം: മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി സമ്പൂര്‍ണ യോഗ കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി അംഗീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റുള്ള തദ്ദേശ സ്ഥപനങ്ങള്‍ക്ക് പ്രചോദനമാകാന്‍ ഇതേറെ സഹായിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സമ്പൂര്‍ണ യോഗ പഞ്ചായത്തുകളും മുന്‍സിപ്പിലിറ്റികളും കോര്‍പറേഷനുകളുമാക്കാനാണ് പരിശ്രമിക്കുന്നത്. ഇതിലൂടെ കേരളം സമ്പൂര്‍ണ യോഗ സംസ്ഥാനമായി മാറുക എന്നുള്ളതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. തൃശൂരില്‍ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ സംബന്ധിച്ചിടത്തോളം യോഗയ്ക്ക് സവിശേഷമായ പ്രാധാന്യം നല്‍കിയാണ് ഈ കാലഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് മുന്നോട്ടു പോകുന്നത്. യോഗ ജനകീയമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് 10,000ലധികം യോഗ ക്ലബ്ബുകള്‍ സ്ഥാപിച്ചത്. എല്ലാ പഞ്ചായത്തുകളിലും യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കുന്നതിന് ഈ കാലഘട്ടത്തില്‍ പ്രത്യേകമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ആയുഷ് സ്ഥാപനങ്ങളില്‍ യോഗ പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ജനകീയ ആരോഗ്യ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ യോഗ ഉള്‍പ്പെടെയുള്ള വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കേരളം ആയുര്‍ദൈര്‍ഘ്യം ഏറ്റവും ഉയര്‍ന്ന നിലയിലുള്ള സംസ്ഥാനമാണ്. മാതൃമരണവും ശിശുമരണവും ഏറ്റവും കുറവാണ്. ഏറ്റവും നല്ല ആരോഗ്യ സൂചികകള്‍ ഉള്ള സംസ്ഥാനം കൂടിയാണ്. എങ്കിലും ജീവിതശൈലീ രോഗങ്ങളും രോഗാതുരതയും ഒരു വെല്ലുവിളിയാണ്. ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും രോഗാതുരത കുറയ്ക്കുന്നതിനും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
സമൂഹത്തില്‍ രോഗാതുരത കുറയ്ക്കുന്നതിനും ആരോഗ്യമുള്ള ശരീരത്തിനും മനസിനും യോഗ അനിവാര്യമാണ്. ലോകം യോഗയെ കുറിച്ച് സംസാരിക്കുമ്പോള്‍ കേരളം വലിയൊരു മാതൃക തീര്‍ക്കുകയാണ്. യോഗ ദിനത്തില്‍ ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സംസ്ഥാനത്ത് ആദ്യമായി യോഗ ക്ലബ്ബുകള്‍ ആരംഭിച്ചപ്പോള്‍ വീടുകളില്‍ നിന്നും തൊട്ടടുത്തുള്ള ആയുഷ് കേന്ദ്രങ്ങളില്‍ പോയി യോഗ പരിശീലനം നേടാന്‍ വേണ്ടി സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ കാണിച്ച താല്‍പര്യം വലിയ രീതിയില്‍ പ്രോത്സാഹനമാണ്. യോഗ ദിനത്തില്‍ യോഗ അഭ്യസിക്കാനായി ആയുഷ് കേന്ദ്രങ്ങളിലും ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ഉള്‍പ്പെടെ പ്രത്യേകം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യോഗ ഒരു ജീവിതരീതിയും സംസ്‌കാരവുമാണ്. എല്ലാവരും യോഗ അഭ്യസിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലീനാ റാണി, ഐഎസ്എം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അഗ്‌നീസ് ക്ലീറ്റസ്, ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടിപി ശ്രീദേവി, ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ആര്‍ ജയനാരായണന്‍, ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നിഖില നാരായണന്‍, ഡോ. റെനി എന്നിവര്‍ പങ്കെടുത്തു.