തിരൂർ നഗരസഭ ലൈബ്രറിയില്‍ പുസ്തക റാക്ക് തകര്‍ന്ന് വീണു

HIGHLIGHTS : Book rack collapses at Tirur Municipality Library

തിരൂർ : നഗരസഭ ലൈബ്രറിയില്‍ പുസ്തക റാക്ക് തകര്‍ന്ന് വീണു. പുസ്തക വായനക്ക് എത്തിയിരുന്ന യുവതി പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരൂർ സിറ്റി ജങ്ഷനിലെ അല്ലാമാ ഇക്ക്ബാല്‍ സ്മാരക നഗരസഭാ ലൈബ്രറിയിലെ റഫറൻസ് പുസ്തകങ്ങൾ സൂക്ഷിച്ചിരുന്ന റാക്കാണ് നിലംപൊത്തിയത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. ലക്ഷങ്ങള്‍ ചെലവിട്ട് നഗരസഭ നവീകരിച്ച ലൈബ്രറിയിലാണ് പുതുമ മാറും മുമ്പേ അപകടമുണ്ടായത്.

റീഡിംഗ് റൂമിൻ്റെ ചുമതില്‍ ഘടിപ്പിച്ചിരുന്ന പുസ്തകങ്ങളുടെ റാക്കാണ് തകര്‍ന്ന് വീണത്. വായനക്കെത്തിയ രണ്ട് പേര്‍ അപകട സമയം ലൈബ്രറിയിലുണ്ടായിരുന്നു. റാക്കിന് സമീപത്തായി പുസ്തകം വായിച്ചിരുന്ന യുവതി തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.മൂല്യമേറിയ പഴയ പുസ്തകങ്ങളാണ് റാക്കിലുണ്ടായിരുന്നത്.

കഴിഞ്ഞ ജനുവരി 28 നാണ് ലൈബ്രറി ഉദ്ഘാടനം. നടത്തിയത് ലക്ഷങ്ങൾ ചെലവഴിച്ച് ‘നവീകരണ പ്രവൃത്തി നടത്തിയെങ്കിലും നിർമ്മാണ സാധനങ്ങളുടെ നിലവാര കുറവും റാക്കുകൾ ഘടിപ്പിച്ചതിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. വലിയ ഭാരമുള്ള പുസ്തകങ്ങൾ സൂക്ഷിക്കേണ്ട റാക്കുകൾ സ്‌ക്രൂ മാത്രം ഉപയോഗിച്ചാണ് ചുമരില്‍ ഘടിപ്പിച്ചിട്ടുള്ളത്. പുസ്തകങ്ങളുടെ ഭാരം താങ്ങാതായതോടെ റാക്ക് നിലംപതിക്കുകയായിരുന്നു എന്നാണ് നിഗമനം.

നിർമ്മാണത്തിൽ നടത്തിയ അഴിമതിയും അപാകവുമാണ് റാക്ക് തകർന്നതിനിടയാക്കിയതെന്ന് എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. ലക്ഷങ്ങൾ ചിലവിട്ട് നഗര സഭ ഭരണ സമിതി നടത്തിയ പദ്ധതികളുടെ ഗുണം നാട്ടുകാർക്ക് കിട്ടുന്നിലെന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും ഉദ്ഘാടനം കഴിഞ്ഞ് 3 വർഷമായിട്ടും പ്രവർത്തിക്കാത്ത ടേക്ക് എ ബ്രേക്ക്, അടച്ചിട്ട അമ്നിറ്റി സെൻ്റർ, കോടികൾ ചിലവഴിച്ച് വാങ്ങിയ അറവ് ശാലയിലെ ഉപകരണങ്ങൾ എന്നിവയും നഗരസഭ ഭരണസമിതി നടത്തിയ ക്രമ കേടിൻ്റെ ഉദാഹരണമാണെന്ന് എൽഡിഎഫ് പാർലിമെൻ്റി പാർട്ടി ലീഡർ അഡ്വ എസ് ഗിരീഷ് ആരോപിച്ചു. എൽഡിഎഫ് അംഗങ്ങൾ ലൈബ്രറി സന്ദർശിച്ചു. അഡ്വ എസ് ഗിരീഷ്, സി നജീബുദ്ദീൻ, അനിത കല്ലേരി, കെ പി ജഫ്സൽ, സീനത്ത് റഹ്മാൻ, കെ കദീജ , ആസിയ മോൾ എന്നിവർ സന്ദർശിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!