‘മമ്മൂക്കയ്ക്ക് ഇപ്പോഴും 30കളിലെ അതേ എനർജി’ : മമ്മൂട്ടിക്കൊപ്പം ലിസിയും പ്രിയദർശനും, ചിത്രം പങ്കുവെച്ച് ലിസി

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ ഒരുക്കുന്ന പേട്രിയേറ്റ്. മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ഏപ്രിൽ 23 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കവെ, മമ്മൂട്ടിയുടെ ഡബ്ബിങ് പൂർത്തിയായ സന്തോഷവാർത്ത നടി ലിസി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

മമ്മൂട്ടിക്കൊപ്പം പോസ് ചെയ്തുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ലിസി. ലിസിയേയും പ്രിയദര്‍ശനേയും ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ലിസി ലക്ഷ്‌മി പങ്കുവച്ചത്. എതായാലും ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ലിസി ഫോട്ടോ പുറത്തുവിട്ടത്. ‘ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ മലയാള ചിത്രം പേട്രിയറ്റിന്റെ വോയിസ് റെക്കോർഡിങ്ങിന് ലെ മാജിക് ലാന്റേണിൽ ഇതിഹാസമായ പത്മഭൂഷൺ മമ്മൂട്ടി ഞങ്ങളോടൊപ്പം ഉണ്ടായതിൽ ഏറെ സന്തോഷമുണ്ട്. എക്കാലത്തെയും പോലെ ആകർഷകമാണ് മമ്മൂക്ക . അദ്ദേഹത്തിന്റെ മാസ്മരിക പ്രഭാവലയവും ഊർജ്ജസ്വലതയും അദ്ദേഹത്തിന്റെ 30-കളിലെന്നപോലെ കാലാതീതമാണ്. പേട്രിയറ്റിന്റെ മുഴുവൻ ടീമിനും എല്ലാവിധ ആശംസകളും,’ ലിസി ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

കൊച്ചിയിലെ ‘ലേ മാജിക് ലാന്റൺ’ സ്റ്റുഡിയോയിലെത്തിയാണ് മമ്മൂട്ടി ഡബ്ബിങ് പൂർത്തിയാക്കിയത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ഈ മൾട്ടിസ്റ്റാർ സിനിമയുടെ നിർമാണം. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Share news
error: Content is protected !!
Scroll to Top