നടിയെ ആക്രമിച്ച കേസ് പുനർ വിസ്താരത്തിനുള്ള സാക്ഷിപ്പട്ടിക; വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. പുനർ വിസ്താരണത്തിനുള്ള സാക്ഷിപ്പട്ടിക പൂർണമായും അംഗീകരിക്കാത്തതിനെ തുടർന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.

നടിയെ ആക്രമിച്ച കേസിൽ 16 സാക്ഷികളുടെ പുനർ വിസ്താരത്തിനാണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്. 16 പേരുടെ പട്ടികയിൽ ഏഴ് പേർ നേരത്തെ സാക്ഷി പറഞ്ഞവരാണ് ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ട് എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ വിചാരണ കോടതി ഈ ആവശ്യം പൂർണമായും അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ബാക്കി ഒമ്പത് പേരിൽ നിന്ന് പുതുതായി വിശദീകരണം തേടണം എന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞദിവസം പ്രോസിക്യൂഷന്റെ ഈ ആവശ്യം വിചാരണക്കോടതി അംഗീകരിച്ചില്ല. മൂന്ന് പേരുടെ പുനർ വിസ്താരത്തിന് മാത്രമാണ് കോടതി അംഗീകാരം നൽകിയത്. രണ്ടു പേരെ വിളിച്ചു വരുത്താനും ഒരാളെ പുതുതായി സാക്ഷി പട്ടികയിൽ ഉൾപ്പെടുത്താനും കോടതി അനുമതി നൽകി. എന്നാൽ ഇത് പോരെന്നാണ് പ്രോസിക്യൂഷൻ നിലപാട്. പട്ടികയിലുള്ള 16 പേരുടെയും വിസ്താരം കേസിൽ പ്രധാനപ്പെട്ടതാണെന്ന് വാദിച്ചാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top