ഓരോ മാസവും കൃഷി ചെയ്യേണ്ട പച്ചക്കറികളെ കുറിച്ച് അറിഞ്ഞിരിക്കാം
1.ജനുവരി
വെണ്ട, പാവല്‍, പടവലം, ചീര, തക്കാളി. പച്ചക്കറികള്‍ മിക്കതും കൃഷി ചെയ്യാന്‍ പറ്റിയ സമയമാണിത്. സൂര്യപ്രകാശം ലഭിക്കുന്ന, ജലസേചന സൗകര്യമുള്ള സ്ഥലത്തു കൃഷി ചെയ്യാം. മണ്ണില്‍ തടമെടുത്ത് ചാണകപ്പൊടി, കോഴിവളം എന്നിവ അടിവളമായി ചേര്‍ക്കണം. പാവല്‍, തക്കാളി എന്നിവ തൈകള്‍ പറിച്ചുനട്ടും മറ്റുള്ളവ വിത്തുപാകിയും കൃഷി ചെയ്യാം.
2.ഫെബ്രുവരി
ചേമ്പ്, ചേന. അര മീറ്റര്‍ ആഴത്തിലും വീതിയിലും കുഴിയെടുത്ത് ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേര്‍ത്തു നടാം. ഒരു കിലോ ചേന ചാണകവെള്ളത്തില്‍ മുക്കിവയ്ക്കുക. ഒരാഴ്ചയ്ക്കകം മുള വരുമ്പോള്‍ നടാം. ഓരോ കുഴിയിലും രണ്ടു കിലോ ചാണകപ്പൊടി അടിവളമായി ചേര്‍ക്കണം. ഓഗസ്റ്റോടെ വിളവെടുക്കാം.
3.മാര്‍ച്ച്
വെള്ളരി. നട്ട് ഒന്നര മാസമാകുമ്പോഴേക്കും വെള്ളരി വിളവെടുക്കാം. മാര്‍ച്ച് ആദ്യംതന്നെ നട്ടാല്‍ വിഷുവിനു കണിവയ്ക്കാന്‍ പാകത്തില്‍ പറിച്ചെടുക്കാം. വിത്തു മുളപ്പിച്ചശേഷം പറിച്ചുനടുന്നതാണു നല്ലത്. 15 സെന്റീമീറ്റര്‍ വീതിയില്‍ തടമെടുത്തു ചാണകപ്പൊടി, കോഴിവളം എന്നിവ അടിവളമായി ചേര്‍ക്കുക. കാന്താരി, ഇഞ്ചി എന്നിവ അരച്ച് സോപ്പുലായനിയില്‍ ചേര്‍ത്തു തളിച്ചാല്‍ കീടശല്യം അകറ്റാം.
4.ഏപ്രില്‍
ഇഞ്ചി, മഞ്ഞള്‍, കുരുമുളക്. ആദ്യമഴ മണ്ണിനെ നനയ്ക്കുന്നതോടെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യാം. ചാണകപ്പൊടിയും ഉണങ്ങിയ ഇലകളും നിറച്ച് മണ്‍കൂനയെടുത്താണ് ഇഞ്ചിയും മഞ്ഞളും നടേണ്ടത്. പൊതുവേ കീടശല്യം കുറവാണ്. മഴ പെയ്യുന്നതോടെ പച്ചച്ചാണകമിട്ടു മണ്ണിടുന്നതു നല്ലതാണ്. കുരുമുളകും ആദ്യമഴയോടെയാണു നടേണ്ടത്. ആഴ്ചയിലൊരിക്കല്‍ നനച്ചുകൊടുക്കുന്നതു നല്ലതാണ്. ഏപ്രില്‍ പകുതിയോടെ വയല്‍ ഉഴുതിട്ടു നെല്ലുവിതയ്ക്കാം.
5.മേയ്
കാച്ചില്‍, നനകിഴങ്ങ്, വാഴ. അര മീറ്റര്‍ ആഴത്തിലും വീതിയിലും കുഴിയെടുത്ത് അതില്‍ രണ്ടു കിലോ ചാണകപ്പൊടി നിറയ്ക്കുക. ഇതോടൊപ്പം ചാരവും ചേര്‍ത്തുകൊടുക്കുന്നതു നല്ലതാണ്. ഇതിനു മുകളില്‍ മണ്ണിട്ടു വേണം കാച്ചില്‍ നടാന്‍. മഴ പെയ്യുന്നതോടെ കമ്പുനാട്ടി വള്ളി പടര്‍ത്തിക്കൊടുക്കണം. ഇടയ്ക്കിടെ മഴ ലഭിക്കുന്നതോടെ നനകിഴങ്ങും കൂനയെടുത്തു നടാം. ചാണകപ്പൊടി തന്നെയാണ് അടിവളമായി ചേര്‍ക്കേണ്ടത്.
6.ജൂണ്‍
വഴുതന, പച്ചമുളക്, വെണ്ട. മഴ തുടങ്ങുന്നതോടെ ചെയ്യാവുന്ന പച്ചക്കറിക്കൃഷിയാണിവ. വേനല്‍ക്കാലത്തു തടമെടുത്താണെങ്കില്‍ മഴക്കാലത്തു മണ്‍കൂന കൂട്ടിയാണു കൃഷി ചെയ്യേണ്ടത്. വെള്ളം കെട്ടിനിന്നു ചെടി ചീഞ്ഞുപോകാതിരിക്കാനാണിത്. വഴുതന, വെണ്ട, പച്ചമുളക് എന്നിവയില്‍ മഴക്കാലത്തു കീടശല്യം മറ്റു പച്ചക്കറികളെ അപേക്ഷിച്ചു കുറവായിരിക്കും. വേനല്‍ക്കാലത്തു ലഭിക്കുന്നത്ര വിളവ് ഉണ്ടാകില്ല.
7.ജൂലൈ
പയര്‍, ചോളം, മുത്താറി. മഴ ശക്തമാകുന്നതോടെ ചെയ്യാവുന്ന കൃഷികളാണിത്. പറമ്പ് ഉഴുത്, ചാരം വിതറി പയറും ചോളവും മുത്താറിയും വിതറാം. ഒന്നര മാസംകൊണ്ടു പയര്‍ കായ്ച്ചുതുടങ്ങും. കീടശല്യം അകറ്റാന്‍ ചൂടുള്ള ചാരം വിതറുക.
8.ഓഗസ്റ്റ്
വാഴ , ചോളം. വേനല്‍ക്കാലത്തു ജലസേചനസൗകര്യമുള്ള സ്ഥലത്ത് ഓഗസ്റ്റില്‍ നേന്ത്രവാഴ നടാം. വയല്‍പ്രദേശത്താണെങ്കില്‍ അര മീറ്റര്‍ ഉയരത്തില്‍ കൂനയെടുത്തും കരപ്രദേശത്ത് ഒരു മീറ്റര്‍ ആഴത്തിലുമാണു വാഴ നടേണ്ടത്. ചാണകപ്പൊടി അടിവളമായി ചേര്‍ക്കാം. വാഴയുടെ ഏറ്റവും കരുത്തുള്ള കന്നാണു നടേണ്ടത്.
9.സെപ്റ്റംബര്‍
കൈതച്ചക്ക, പച്ചക്കറി, നെല്ല്. രണ്ടാംവിള നെല്‍കൃഷിയിറക്കേണ്ട സമയമാണ്. ഓണത്തോടനുബന്ധിച്ച് ഒന്നാംവിള കൊയ്ത്തുകഴിയും. ഞാറു പറിച്ചുനട്ടാണു രണ്ടാംവിള കൃഷി ചെയ്യുക. ഓഗസ്റ്റില്‍ തന്നെ ഞാറു മുളപ്പിക്കണം. മഴ അല്‍പം കുറയുന്നതിനാല്‍ പച്ചക്കറിക്കൃഷി ആരംഭിക്കാം. കൈതയും ഈ സമയത്തുതന്നെ നടണം.
10.ഒക്ടോബര്‍
കാബേജ്, കോളിഫ്‌ലവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട്. ശീതകാല പച്ചക്കറികള്‍ നടേണ്ട സമയമാണിത്. കാബേജ്, കോളിഫ്‌ലവര്‍ എന്നിവ മണ്ണില്‍ ചാല്‍ എടുത്തും കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ തറയെടുത്തുമാണു കൃഷി ചെയ്യേണ്ടത്. ആദ്യം തൈകള്‍ ഒരുക്കണം. വൈകുന്നേരമാണു പറിച്ചുനടാന്‍ ഉത്തമം. ചാലുകള്‍ തമ്മിലും ചെടികള്‍ തമ്മിലും 1.5 അടി അകലം വേണം. തൈകള്‍ നടുമ്പോള്‍ സ്യൂഡോ മോണാസ് ലായനിയില്‍ മുക്കിയശേഷം നടുന്നതു കീടബാധ അകറ്റാന്‍ സഹായിക്കും.
11.നവംബര്‍
ചേന, ചേമ്പ്. വേനല്‍ക്കാലത്തു വിളവെടുക്കാന്‍ പാകത്തില്‍ ചേമ്പും ചേനയും കൃഷി ചെയ്യാം. മരച്ചീനിയും ഈ സമയത്തു തന്നെ കൃഷി ചെയ്യാം. ആറാം മാസം വിളവെടുക്കുന്ന കമ്പ് നടുന്നതാണു നല്ലത്.
12.ഡിസംബര്‍
എള്ള്, റാഗി, വന്‍പയര്‍. വയലുകളില്‍ രണ്ടാംവിള കൊയ്തുകഴിയുന്നതോടെ മണ്ണ് ഉഴുതശേഷം എള്ള്, റാഗി, വന്‍പയര്‍ എന്നിവ വിതയ്ക്കാം. ചാരമാണു പ്രധാന വളം. വേനല്‍ക്കാലത്തു കീടശല്യം കുറവായിരിക്കും.
കടപ്പാട്;പരപ്പനാട് ഹെര്‍ബല്‍ ഗാര്‍ഡന്‍



