തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും കെ ടി ജലീലും ഉള്‍പ്പെടയെുള്ളവര്‍ ഇന്ന് കോടതിയില്‍ ഹാജരായി. എന്നാല്‍ എല്‍ ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്ന് ഹാജരായില്ല. അസുഖമായി കണ്ണൂരില്‍ വിശ്രമിക്കുന്ന കാര്യം കോടതിയെ അറിയിച്ചു. പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. പ്രതികൾ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജറായ പ്രതികള്‍ കുറ്റപത്രം വായിച്ച് കേട്ട ശേഷമാണ് കുറ്റം നിഷേധിച്ചത്. കേസ് വീണ്ടും ഈ മാസം 26ന് പരിഗണിക്കും. വിചാരണ തിയ്യതി അന്ന് തീരുമാനിക്കും. നടപടികള്‍ പൂര്‍ത്തിയായി.
വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികളെല്ലാം ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍ എംഎല്‍എ, കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതികള്‍.
അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍, നാശനഷ്ടങ്ങള്‍ വരുത്തല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. വിചാരണ നടപടികളുടെ തീയതി കോടതിയും ഇന്ന് തീരുമാനിക്കും. 2015 മാര്‍ച്ച് 13ന് ബാര്‍ കോഴക്കേസില്‍ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.




