കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

മുംബൈ: കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. ട്രാക്കിലേക്ക് മരങ്ങളും വീണ് കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം. കനത്ത മഴയെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ കനത്ത നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയിലും കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ട്രെയിനുകളുടെ സമയക്രമമെല്ലാം തെറ്റിയാണ് പാതയില്‍ വണ്ടികള്‍ ഓടുന്നത്.

കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കൊങ്കണ്‍ റെയില്‍വേ റൂട്ടിലെ സര്‍വീസുകള്‍ ഇന്നലെ വൈകുന്നേരത്തോടെ നിര്‍ത്തിവച്ചു, അഞ്ച് ദീര്‍ഘദൂര ട്രെയിനുകള്‍ വിവിധ ഇടങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. കനത്ത മഴയെത്തുടര്‍ന്ന് വിന്‍ഹെരെ (റായ്ഗഡ്), ദിവാന്‍ ഖാവതി (രത്നഗിരി) സ്റ്റേഷനുകള്‍ക്കിടയിലുള്ള തുരങ്കത്തിന് അടുത്താണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം മണ്ണിടിച്ചിലുണ്ടാകുമ്പോള്‍ ഭാഗ്യവശാല്‍ ഒരു ട്രെയിനും ഈ ഭാഗത്തിലൂടെ കടന്നുപോയില്ലെന്ന് കൊങ്കണ്‍ റെയില്‍വേ വക്താവ് പറഞ്ഞു.

അഞ്ച് മുതല്‍ ആറ് വരെ ദീര്‍ഘദൂര ട്രെയിനുകള്‍ കൊങ്കണ്‍ റൂട്ടിലെ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിരിക്കുകയാണെന്ന് വക്താവ് പറഞ്ഞു, റൂട്ട് ക്ലിയര്‍ ചെയ്യാനും എത്രയും വേഗം സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും റെയില്‍വെ വക്താവ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top