ഉരുള്‍പൊട്ടല്‍ ദുരന്തം; തിരച്ചില്‍ എട്ടാം നാള്‍, മരണസംഖ്യ 392

കല്‍പറ്റ: ചൂരല്‍മലയേയും മുണ്ടക്കൈയേയും പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്നേക്ക് എട്ടുദിവസം. കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തത്തില്‍ ഓരോ ദിവസവും ഉയരുന്ന മരണസഖ്യയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് നാടാകെ. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. ഇന്ന് സൂചിപ്പാറയിലെ സണ്‍റൈസ് വാലി മേഖലയില്‍ തെരച്ചില്‍ നടത്തും. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്റര്‍ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.

ഉരുള്‍പൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയില്‍ കൂട്ടമായി സംസ്‌കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്‌കരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സര്‍വ്വമത പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് സംസ്‌കാരം നടത്തിയത്. വൈകിട്ട് 4 മണിയോടെ തുടങ്ങിയ ചടങ്ങുകള്‍ രാത്രിയോടെയാണ് പൂര്‍ത്തിയായത്.

വയനാട് ഇന്ന് പ്രധാനപ്പെട്ട ഒരു ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആര്‍മി സൈനികരും അടങ്ങുന്ന 12 പേര്‍ ഇന്ന് രാവിലെ എട്ട് മണിക്ക് എസ്‌കെഎംജെ ഗ്രൗണ്ടില്‍ നിന്ന് എയര്‍ ലിഫ്റ്റിങ്ങിലൂടെ സ്‌പോട്ടില്‍ എത്തിച്ചേരും. സണ്‍റൈസ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന ഇരു കരകളിലും തെരച്ചില്‍ നടത്തും. അവിടെ നിന്നും മൃതശരീരങ്ങള്‍ കൊണ്ടുവരേണ്ടത് ഉണ്ടെങ്കില്‍ പ്രത്യേക ഹെലികോപ്റ്റര്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്ത നിവാരണ നിധിയില്‍ നിന്ന് കൂടുതല്‍ തുക പുനരധിവാസത്തിന് ഉറപ്പാക്കാന്‍ എല്‍ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെടും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top