കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് പോലീസില്‍ ഹാജരാകാന്‍ ലക്ഷദ്വീപിലെത്തിയ സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്ക്ക് ക്വാറന്റീന്‍ ലംഘനത്തിന് കലക്ടറുടെ നോട്ടീസ്. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആയിഷ ഇന്ന് വീണ്ടും കവരത്തി പോലീസില്‍ ഹാജരാകും.
ചോദ്യംചെയ്യലിനായി എത്താന്‍ നല്‍കിയ ഇളവുകള്‍ ആയിഷ സുല്‍ത്താന ദുരുപയോഗം ചെയ്തുവെന്നാണ് കലക്ടറുടെ നോട്ടീസില്‍ പറയുന്നത്. കോവിഡ് രോഗികളെ പാര്‍പ്പിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ദ്വീപുവാസികളുമായി ഇടപഴകി. ക്വാറന്റീന്‍ ലംഘനം തുടര്‍ന്നാല്‍ കേസെടുക്കുമെന്നും നോട്ടീസില്‍ പറയുന്നു. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തില്‍ എടുത്ത കേസില്‍ ഇന്ന് രാവിലെ 10ന് ആയിഷ പോലീസ് സ്റ്റേഷനില്‍ ഹാജരാകും. ഞായറാഴ്ചയാണ് ആദ്യം ഹാജരായത്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റുണ്ടാവുകയാണെങ്കില്‍ ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ആയിഷ ദ്വീപിലെ ഹോം ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് കളക്ടര്‍ എസ്. അസ്‌കര്‍ നോട്ടീസ് നല്‍കിയത്. ഞായറാഴ്ച പോലീസ് ചോദ്യം ചെയ്യലിനുശേഷം പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവരുമായി സംസാരിച്ചെന്നാണ് കണ്ടെത്തല്‍.
ആയിഷ ദ്വീപ് പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിച്ചതിന്റെയും അംഗങ്ങളുമായി യോഗം നടത്തിയതിന്റെയും വീഡിയോയും ചിത്രങ്ങളും ഭരണകൂടം ശേഖരിച്ചിരുന്നു. തിങ്കളാഴ്ച ദ്വീപിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രം ആയിഷ സന്ദര്‍ശിച്ചതും കോവിഡ് രോഗികളുമായി സംസാരിച്ചതും ഗുരുതര ചട്ടലംഘനമായാണ് ഭരണകൂടം വിലയിരുത്തുന്നത്. ഹോം ക്വാറന്റീന്‍ ലംഘിക്കുന്നത് ആവര്‍ത്തിച്ചാല്‍ കര്‍ശനനടപടിയുണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നു.




