മലപ്പുറം:വള്ളുമ്പ്രത്ത് കിണറിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റില്‍ വീണ് തൊഴിലാളി മരിച്ചു. വള്ളുവമ്പ്രം മുസ്ലിയാര്‍ പീടിക പാങ്ങോട്ടില്‍ ആനക്കണ്ടില്‍ വീട്ടില്‍ പരമേശ്വരന്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. മഠത്തില്‍ അഹമ്മദ് എന്നയാളുടെ വീട്ടുമുറ്റത്തുള്ള പുതിയ കിണറിന് ആള്‍മറ കെട്ടുന്നതിനായി മണ്ണെടുക്കുന്നഅതിനിടെ മണ്ണിടിഞ്ഞ് 30 അടി താഴ്ചയും 20 അടിയോളം വെള്ളവും ഉള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഉടന്‍ കൂടെയുണ്ടായിരുന്ന ജോലിക്കാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വെള്ളത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം ഫയര്‍ഫോഴ്‌സിനെയും മഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മലപ്പുറം അഗ്‌നിരക്ഷാസേന എത്തി നാട്ടുകാരുടെ സഹായത്തോടെ ആളെ പുറത്തെടുത്തത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മലപ്പുറം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുള്‍ഗഫൂര്‍, മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തം നടത്തിയത്.




