കുറ്റ്യാടിയിലെ പ്രതിഷേധ പ്രകടനം; സിപിഐഎം ലോക്കല്‍ കമ്മറ്റി പിരിച്ചുവിട്ടു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ കടുത്ത നടപടിയുമായി സിപിഎം. സിപിഐഎം കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി ജില്ലാ നേതൃത്വം പിരിച്ചുവിട്ടു. ഇവിടെ അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിക്കാനും തീരുമാനമായി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി മണ്ഡലം ഇടതുമുന്നണി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് അനുവദിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കുറ്റ്യാടി മണ്ഡലം വിട്ടുനല്‍കുന്നതിനെതിരെ പ്രാദേശിക നേതൃത്വത്തിന്റെ   ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. ആയിരക്കണക്കിന് സിപിഎം അനുഭാവികള്‍ പങ്കെടുത്തുകൊണ്ട് പ്രകടനം നടത്തിയത് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

ഇതേ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് പിന്‍മാറുകയും സിപിഎം സീറ്റ് ഏറ്റെടുത്ത് കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ മത്സരിച്ച് ജയിക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷം പ്രതിഷേധ പ്രകടനങ്ങളെ കുറിച്ച് സിപിഎം അന്വേഷണകമ്മീഷനെ വെച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടികള്‍. പരസ്യമായി പാര്‍ട്ടി വിരുദ്ധ പ്രകടനം നടത്തി, വോട്ട് ചോര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.

സ്ഥലം എംഎല്‍എ ആയ സിപിഎം നേതാവ് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ ജില്ലാസെക്രട്ടറിയേറ്റില്‍ നിന്ന് നേരത്തെ തരംതാഴ്ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് താഴെത്തട്ടിലെ നടപടി. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ പി ചന്ദ്രി, മോഹന്‍ദാസ് എന്നിവരെയാണ് തരം താഴ്ത്തിയത്. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •