കുമ്പളങ്ങിയില്‍ ഞാന്‍ കണ്ടത്…

സിനിമാ റിവ്യു: എ.വി മുഖേഷ്

വേനലില്‍ വറ്റിവരണ്ട ഭാരതപ്പുഴയില്‍ വെള്ളം കെട്ടി നിര്‍ത്തി.
നായകനെ സിംഹത്തോടൊപ്പം കാണിച്ച മലയാള സിനിമ ബോധം കുമ്പളങ്ങിയില്‍ ഇരുട്ടി വെളുത്തപ്പോള്‍ നിഴല്‍ പോലും കാണാത്ത വിധം മറഞ്ഞു പോയതില്‍ അതീവ സന്തോഷം തോനുന്നു.
ആ സന്തോഷത്തില്‍ നിന്നാണ് ഈ അഭിപ്രായ പ്രകടനം.

അവതാര പിറവികളുടെ മുഴുവന്‍ രൗദ്ര ഭാവവും ആവാഹിച്ച മുര്‍ത്തിയെന്നൊക്കെ ഒറ്റ ശ്വാസത്തില്‍ പറഞ്ഞശേഷം പൊങ്ങിവന്ന നായകനൊപ്പം ഇതാണ് ഈ സിനിമയെന്നും.ഇദ്ദേഹമാണ് ഈ സിനിമയിലെ നായകാണെന്നും പറഞ്ഞ് തുടങ്ങുന്ന മലയാള സിനിമയുടെ തലക്കിട്ട് കിട്ടിയ കൊട്ടാണ് കുമ്പളങ്ങി നൈറ്റ്സ്.

‘ബോബി’ കായല്‍ കരയില്‍ നിന്നും അനായാസമായി പിടിച്ച കരിമീനിനെ പോലെ, പുരുഷകേന്ദ്രീകൃത സിനിമ സങ്കല്‍പ്പങ്ങള്‍ മുച്ചൂടും കരയില്‍ കിടന്ന് ശ്വാസം മുട്ടി ചാകുന്നത് രണ്ടു മണിക്കൂറില്‍ അതീവ ഭംഗിയായി അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ കുമ്പളങ്ങിക്കാര്‍ക്ക് സാധിച്ചു.

പരിഷ്‌കൃതരെന്ന് സ്വയം അവകാശപ്പെടുന്ന മിഡില്‍ ക്ലാസ്സ് മലയാളിയുടെ കണ്ണിലെ ഇരുട്ടിനെ ബിഗ് സ്‌ക്രീനില്‍ പലപ്പോഴായി വലിച്ചു കീറുന്നുണ്ട്.
അനിയനുവേണ്ടി പെണ്ണ് ചോദിക്കാന്‍ പോകുന്ന സജിയോട്
തീട്ട പറമ്പിലൂടെ നടന്നാല്‍ മാത്രമെത്തുന്ന
വീടിനെകുറിച്ച് പറഞ്ഞ് നെഞ്ചിനുള്ളില്‍ ബ്ലേഡ് കൊണ്ട് വരയുന്നുതും,
പലതന്തക്ക് ഉണ്ടായവനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല എന്ന് പറയുന്നതിലൂടെയും മറ്റും ഇത്തരത്തില്‍ സാമാന്യ മലയാളിയുടെ കപട ബോധങ്ങളെ ഒരു സിനിമാ തീയേറ്ററിനുള്ളില്‍ ഇരുട്ടതിരുത്തി വെളിച്ചത്ത് വിചാരണ ചെയ്യുകയാണ് സിനിമ.

ഏത് സിനിമക്ക് അവസാനവും കൃത്യമായ ഉത്തരം ഉണ്ടാകുന്ന ചോദ്യം ആണല്ലോ
ഇതാരുടെ സിനിമയാണ് എന്നത്.എന്നാല്‍ അത്തരം ചോദ്യങ്ങള്‍ അപ്രസക്തമാക്കുന്ന രീതിയില്‍ കായല്‍ പോലും പ്രധാന വേഷത്തിലെത്തി തകര്‍ത്തഭിനയിച്ചിട്ടുണ്ട് കുമ്പളങ്ങി നൈറ്റ്‌സില്‍.

ഒറ്റപെടലില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാവര്‍ക്കും ഒരു അവസാന തുരുത്തുണ്ടല്ലോ, അവിടെയും വെള്ളം കയറിയാല്‍ സാമാന്യ മലയാളിക്ക് എന്ത് സംഭവിക്കും എന്നത്,സജിയുടെ ആത്മഹത്യാ ശ്രമത്തിലൂടെ സൗബിന്‍ അതി മനോഹരമായി അഭിനയിച്ച് ഫലിപിച്ചിട്ടുണ്ട്.

വലയില്‍ അകപ്പെട്ട സമയത്ത് ഇനി രക്ഷപെടാന്‍ സാധിക്കില്ല എന്ന യാഥാര്‍ഥ്യം ഉള്‍കൊള്ളുമ്പോള്‍ ബോധത്തിന്റെയും അബോധാവസ്ഥയുടെയും പകര്‍ന്നാട്ടങ്ങള്‍ ഫഹദ് അതി ഗംഭീരമാക്കിയിട്ടുണ്ട്.

ആദ്യമായി പണിയെടുത്ത് വന്നപ്പോള്‍ ഉണ്ടായ കൈയിലെ ചുവന്ന പാട് നോക്കി അപ്പന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും ആഴം തിരിച്ചറിയുന്ന ബോബിയില്‍ നമ്മളെ പലരേയും കാണാം.

ഇങ്ങനെ ഓരോ കഥാപാത്രങ്ങളെയും
പച്ചയായ ജീവിത യാഥാര്‍ഥ്യത്തിന്റ അങ്ങേ അറ്റത്തെ തുരുത്തിലേക്ക് കൊണ്ടുപോകുന്നതില്‍ സിനിമ കാണിച്ച മാജിക്ക് കണ്ട് തന്നെ അറിയുന്നതാണ് ഉത്തമം.
കൈ തോടുകളായി ഒഴുകി പുഴയിലേക്ക് ചേര്‍ന്ന് ഇല്ലാതാകുന്ന തോടുകളെ പോലെയാണല്ലോ ഇത് വരെ മലയാള സിനിമ നമുക്ക് മുന്നില്‍ അവതരിപ്പിച്ച നായിക കഥാപാത്രങ്ങള്‍.എന്നാല്‍ കുമ്പളങ്ങിയില്‍ നായകനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന നായികാ കഥാപാത്രങ്ങള്‍ ഒന്നും തന്നെയില്ല. ഇതുവരെ ഉണ്ടായിരുന്ന കഥാപാത്ര ധാരണകളെ അപ്പാടെ മറിച്ചിടുന്നുണ്ട് അവര്‍ കുറച്ചുപേരെങ്കിലും ചേര്‍ന്ന് കുമ്പളങ്ങി കായലിലേക്ക്.

തന്റെ പ്രണയം ബാധ്യതയാകും എന്ന് ബേബിയോട് പറയുന്ന ബോബിയുടെ നിസ്സഹായവസ്ഥയെ ചെളിയില്‍ ചവിട്ടി താഴ്ത്തി പുതിയ പെണ്‍നന്മ പറയുന്നുണ്ട് ബേബി.
ജാതിയും മതവും സാമ്പത്തികവും നോക്കി പ്രണയം പൂക്കുന്ന ഇന്നത്തെ വേരില്ലാത്ത മരങ്ങളെ ഒരൊറ്റ ഡയലോഗ് കൊണ്ട് പറച്ചെറിയുന്നുണ്ട് അവള്‍.

മനുഷ്യന്‍ ഉണ്ടാക്കിയ ഭാഷക്കും,മതത്തിനും അപ്പുറത്തേക്ക്, അനാഥമാക്കപ്പെട്ട തമിഴത്തിയെയും കുഞ്ഞിനേയും കൂട്ടി കൊച്ചുവഞ്ചിയില്‍ വീട്ടിലേക്ക് കൊണ്ടുവരുന്ന സജി വട്ട കായലില്‍ മുക്കി കളയുന്നത് കപട സദാചാര മത ബോധം കൊണ്ട് നടക്കുന്ന നമ്മളില്‍ ആരെയൊക്കെയോ ആണ്.

കഥ അവസാനിക്കാതെ ജീവിതമായി തന്നെ പെയ്ത് നില്‍ക്കുന്നുണ്ട് കായലിനും ദ്വീപിനും ഇരുട്ടിനും വെളിച്ചത്തിനും ഇടക്ക്.

Related Articles