കുടുംബശ്രീ രജത ജൂബിലി: അയല്‍ക്കൂട്ട സംഗമങ്ങള്‍ നാളെ

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള അയല്‍ക്കൂട്ട സംഗമങ്ങള്‍ നാളെ ജില്ലയിലെ വിവിധയിടങ്ങളിലായി നടക്കും. ജില്ലയിലെ 30098 അയല്‍ക്കൂട്ടങ്ങളാണ് ചുവട് 2023 എന്ന പേരില്‍ അയല്‍ക്കൂട്ട സംഗമങ്ങള്‍ നടത്തുന്നത്. അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ കുടുംബശ്രീ വനിതകള്‍, കുടുംബാംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍, ബാലസഭ അംഗങ്ങള്‍, വയോജന അയല്‍ക്കൂട്ടാംഗങ്ങള്‍, സ്‌പെഷ്യല്‍ അയല്‍ക്കൂട്ടാംഗങ്ങള്‍ തുടങ്ങി കുടുംബശ്രീ സംവിധാനവുമായി ചേര്‍ന്ന് പ്രവൃത്തിക്കുന്നവര്‍ യോഗങ്ങളില്‍ പങ്കെടുക്കും.

ജില്ലയിലെ മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി ജനപ്രതിനിധികളും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും, കലാ-സാഹിത്യ രാഷ്ട്രീയ സാംസ്‌കാരിക കായിക മേഖലകളിലെ പ്രമുഖരും വിവിധ അയല്‍ക്കൂട്ട യോഗങ്ങളില്‍ പങ്കാളികളാവും.

രാവിലെ 8 ന് ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് ആരംഭിക്കുന്ന യോഗത്തില്‍ കുടുംബശ്രീ ജീവിതത്തിലും പൊതുസമൂഹത്തിലും സൃഷ്ടിച്ച മാറ്റങ്ങള്‍, ആരോഗ്യം, പൊതുശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയല്‍ക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സുസ്ഥിര വികസന ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്ത് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അയല്‍ക്കൂട്ടങ്ങള്‍ എ.ഡി.എസിന് കൈമാറും. ഇത് സി.ഡി.എസ് തലത്തില്‍ ക്രോഡീകരിച്ച് സി.ഡി.എസ്തല വിഷന്‍ ഡോക്യുമെന്റ് തയ്യാറാക്കും.

അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മികച്ച വരുമാനദായക ഉപജീവന പ്രവര്‍ത്തനങ്ങള്‍, ആരോഗ്യം വിദ്യാഭ്യാസം ജീവിത നിലവാരം മെച്ചപ്പെടുത്തല്‍, പൊതു ഇടങ്ങള്‍ സ്ത്രീകളുടേതു കൂടിയാണെന്ന് തരിച്ചറിവുണ്ടാക്കല്‍ എന്നീ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്തും.
കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചുവട് 2023 എന്ന പേരില്‍ 2023 മെയ് 17വരെ തുടരുന്ന വൈവിധ്യമാര്‍ന്ന കര്‍മ്മ പരിപാടികളാണ് കുടുംബശ്രീ തുടക്കമിടുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top